ജയിലുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നത് സര്‍ക്കാര്‍ നിലപാട്: മുഖ്യമന്ത്രി

Posted on: March 21, 2017 12:32 am | Last updated: March 21, 2017 at 12:18 am

തിരുവനന്തപുരം: ജയിലുകളിലെ സൗകര്യങ്ങള്‍ കഴിയുന്നത്ര വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം, എസ് ബി ടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലെത്. സംസ്ഥാനത്തെ ജയിലുകളില്‍ തൊഴിലെടുക്കുന്ന തടവുകാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലമാണ് നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ 20 ശതമാനം വര്‍ധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത് 175 രൂപയുമാണ്. ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലില്‍ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ തൊഴില്‍ നല്‍കുന്നത് നല്ലതാണ്. പക്ഷേ, ആയുഷ്‌കാലം മുഴുവന്‍ ആരും ജയിലില്‍ താമസിക്കാന്‍ പാടില്ല. ജയിലിലെത്തുന്നവരെയെല്ലാം കുറ്റവാസനയുള്ളവരായി കാണരുത്. സമൂഹത്തിലെ ഭൂരിപക്ഷം പേരും നല്ലവരാണ്. സാഹചര്യങ്ങള്‍ കൊണ്ട് കുറ്റം ചെയ്തുപോയവരെ കൊടും കുറ്റവാളികളായി കാണരുത്. കുറ്റം ചെയ്തു എന്നതുകൊണ്ട് ആരും സമൂഹത്തിന് വേണ്ടാത്തവരാകുന്നില്ല. ജയില്‍ മുക്തരായവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ തൊഴിലവസരങ്ങളും അതിന് സഹായകമായ സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കാവുന്നതാണ്.
പുതിയ അന്തേവാസികള്‍ കൊടും ക്രിമിനലുകളുടെ സമ്പര്‍ക്കത്തിലൂടെ കുറ്റവാസനയുള്ളവരായി മാറാതിരിക്കാനുള്ള നടപടികള്‍ ജയിലധികൃതര്‍ കൈക്കൊള്ളണം. ജയിലുകളിലെ അന്തേവാസികള്‍ക്ക് നല്ല രീതിയിലുള്ള മാനസികാന്തരീക്ഷമൊരുക്കാന്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. കേരളത്തിലെ 53 ജയിലുകളിലും ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ നടക്കുകയാണ്.

മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും സാമൂഹിക സംഗമങ്ങള്‍ക്കായി ഹാളുകള്‍ നിര്‍മിക്കുമെന്നും നൈപുണ്യ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ രാജഗോപാല്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയില്‍ ഡി ജി പി. ആര്‍ ശ്രീലേഖ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മി, എസ് ബി ടി ജനറല്‍ മാനേജര്‍ സാം കുട്ടി മാത്യു, ഡി ഐ ജി. പ്രദീപ്, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കുമാരന്‍ സംബന്ധിച്ചു.