Connect with us

Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എം എല്‍ എമാരെ രംഗത്തിറക്കാന്‍ ഇടതു മുന്നണി നീക്കം

Published

|

Last Updated

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഭരണച്ചുമതലയില്ലാത്ത എല്‍ ഡി എഫിന്റെ മുഴുവന്‍ എം എല്‍ എമാരെയും രഗത്തിറക്കാന്‍ ഇടതുമുന്നണി യോഗ തീരുമാനം. പാര്‍ലിമെന്റ് മണ്ഡലത്തില്‍ പെട്ട ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലുമായി 61 എല്‍ ഡി എഫ് ലോക്കല്‍ കമ്മിറ്റികളുണ്ടാക്കും. എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇവയുടെ ചുമതല നല്‍കും. ഏപ്രില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ മുഴുവന്‍ സമയവും ഉണ്ടാകണം. തിരഞ്ഞെടുപ്പിനെ പ്രധാനപ്പെട്ട രാഷ്ട്രീയപോരാട്ടമായി ഏറ്റെടുക്കാനാണ് തീരുമാനം. ഫാസിസ്റ്റ് ശക്തിയായ ബി ജെ പിയുടെ ഒന്നാം നമ്പര്‍ ശത്രു ഇടതുപക്ഷമാണെന്ന പ്രചരണം പ്രധാനമായും ഉയര്‍ത്തിക്കാട്ടും. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതും ഉയര്‍ത്തിക്കാട്ടും.

സ്വാശ്രയ പ്രൊഫഷനല്‍ കോളജുകളിലെ പ്രവേശനം, ഫീസ് ഘടന എന്നിവ നിയന്ത്രിക്കാനുതകുന്ന സമഗ്രമായ നിയമനിര്‍മാണത്തിന് സര്‍വകക്ഷി യോഗ തീരുമാനങ്ങളടക്കം ഉള്‍ക്കൊണ്ടുകൊണ്ട് ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കണം. മറ്റക്കര ടോംസ് കോളജിലെ കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ലഭ്യമാക്കാന്‍ എ ഐ സി ടിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കണം. മൂന്നാര്‍ ട്രൈബ്യൂണലിന് ചെയര്‍മാനെ ഉടന്‍ നിയമിക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ച ട്രൈബ്യൂണലിനെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ ഇടപെടലുണ്ടാകണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ആലോചിച്ച് സ്വീകരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.