Connect with us

Editorial

വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള

Published

|

Last Updated

ഗള്‍ഫ് സര്‍വീസിന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത നിരക്കിനെതിരെ പാര്‍ലിമെന്റ് സമിതിയും. വിമാനക്കമ്പനികളുടെ കഴുത്തറുപ്പന്‍ നിരക്ക് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുകുള്‍റോയ് എം പി അധ്യക്ഷനായ ഗതാഗത വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ള ഏപ്രില്‍ മെയ് മാസങ്ങളിലും ഗള്‍ഫിലെ അവധിക്കാലമായ ജൂലൈ, ആഗസ്ത് മാസങ്ങളിലുമാണ് കൊള്ള നിരക്ക് അടിച്ചേല്‍പ്പിക്കുന്നത്. സീസണ്‍ അല്ലാത്ത കാലങ്ങളില്‍ തന്നെ ലോകത്ത് ഒരു സെക്ടറിലും ഇല്ലാത്ത നിരക്കാണ് ഗള്‍ഫ് സെക്ടറിലേക്ക് ഈടാക്കുന്നത്. ഈ സെക്ടറിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ നിരക്ക് വിദേശ വിമാനക്കമ്പനികളേക്കാള്‍ ഉയര്‍ന്നതുമാണ്. ഇത് ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. വിമാന ഇന്ധന വിലയില്‍ സമീപ കാലത്ത് അമ്പത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടായിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം വിമാന യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

നെടുമ്പാശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും വടക്കന്‍ കേരളം യാത്രക്ക് ആശ്രയിക്കുന്ന മംഗളൂരുവില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും സാധാരണ നിരക്കിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി നിരക്കാണ് അവധിക്കാലത്ത് വാങ്ങുന്നത്. മറ്റു കാലത്തെ അപേക്ഷിച്ചു യാത്രക്കാര്‍ കൂടുതലായിരിക്കുമെന്നല്ലാതെ സര്‍വീസുകള്‍ക്ക് അധികച്ചെലവോ നിരക്ക് വര്‍ധനക്ക് മറ്റു കാരണങ്ങളോ ഇല്ല. അതേ സമയം ഗള്‍ഫ് നാടുകളേക്കാള്‍ രണ്ടും മൂന്നും മടങ്ങ് ദൂരം കൂടുതലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് സര്‍വീസുകളേക്കാള്‍ ചാര്‍ജ് കുറവുമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍വീസുകളില്‍ നിന്നുള്ള വരുമാനം ഗള്‍ഫ് സെക്ടറില്‍ നിന്നുള്ളതിനേക്കള്‍ വളരെ കുറവും. എയര്‍ഇന്ത്യ നടത്തുന്ന 33 അന്താരാഷ്ട്ര സര്‍വീസുകളില്‍ മൂന്നെണ്ണം മാത്രമാണ് ലാഭത്തില്‍ പറക്കുന്നതെന്നാണ് കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ വ്യോമയാന മന്ത്രി വെളിപ്പെടുത്തിയത്. ഇതില്‍ രണ്ടെണ്ണവും കോഴിക്കോട്ടേക്കുള്ള സര്‍വീസുകളാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവരോട് വല്ലാത്ത മമതയും അലിവും. ഗള്‍ഫ് ഇന്ത്യക്കാരോട് കണ്ണില്‍ ചോരയില്ലാത്ത നിലപാടും. എന്താണ് സര്‍ക്കാറിന്റെ ഈ വിവേചനത്തിന് പിന്നില്‍? യാത്രാനിരക്കില്‍ വിമാനക്കമ്പനികള്‍ കാണിക്കുന്ന നഗ്നമായ വിവേചനത്തിനെതിരെ ഗള്‍ഫ് പ്രവാസ ലോകത്ത് നിന്ന് പ്രതിഷേധം ഉയരാറുണ്ടെങ്കിലും അനുഭാവ പൂര്‍ണമായ ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികളുടെ കൊള്ളക്ക് കൂട്ടുനില്‍ക്കയാണെന്ന വിമര്‍ശനവുമുണ്ട്.

റണ്‍വേ അറ്റകുറ്റ പണിക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കമ്പനികളുടെ കൊള്ളക്ക് കൂടുതല്‍ അവസരമൊരുക്കുകയും ചെയ്തു.
യാത്രക്കാര്‍ കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ അതിനനുസൃതമായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയോ വലിയ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ തിരക്ക് കുറക്കാനും അമിത ചാര്‍ജ് ഈടാക്കുന്ന പ്രവണതക്ക് അറുതി വരുത്താനും സാധിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നതാണ്. എയര്‍ ഇന്ത്യക്ക് കൂടുതല്‍ സീറ്റും സൗകര്യങ്ങളുമുള്ള ബോയിംഗ് ഡ്രീം ലൈനര്‍ പോലെയുള്ള വിമാനങ്ങളുണ്ടെങ്കിലും അവയൊന്നും ഗള്‍ഫ്-കേരള റൂട്ടില്‍ സര്‍വീസ് നടത്തുന്നില്ല. പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ കൊള്ള ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം വാഗ്ദത്തം നല്‍കിയിരുന്നു. അത് പാലിക്കപ്പെട്ടതുമില്ല. ഇക്കാര്യം പാര്‍ലിമെന്റ് സമിതി റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. വര്‍ഷാവര്‍ഷം വിദേശികളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ലക്ഷക്കണക്കിന് കോടി രൂപകളില്‍ മുക്കാല്‍ ഭാഗത്തോളം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. രാജ്യത്തിന് ഇത്രയും വലിയ നേട്ടമുണ്ടാക്കിക്കൊടുത്തിട്ടും ഗള്‍ഫ് പ്രവാസികളോട് കടുത്ത നന്ദികേടും ക്രൂരതയുമാണ് ഇന്ത്യന്‍ വിമാനക്കമ്പനികളെ പോലെ സര്‍ക്കാറും കാണിക്കുന്നത്.

ഗള്‍ഫ് ഇന്ത്യക്കാരില്‍ കൂടുതലും തുച്ഛവരുമാനക്കാരാണ്. റിക്രൂട്ടിംഗ് ഏജന്റിനും ഇടനിലക്കാര്‍ക്കും നല്ല തുക നല്‍കി വിസ സമ്പാദിച്ചു ഗള്‍ഫിലെത്തുന്ന ഇവര്‍ ചെലവുകള്‍ പരമാവധി ചുരുക്കിയാണ് മാസാമാസം നാട്ടിലേക്ക് പണമയക്കുന്നത്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് പോകേണ്ടി വരുമ്പോള്‍ ഇവര്‍ക്ക് സമ്പാദ്യത്തിന്റെ നല്ലൊരു തുക മുടക്കേണ്ടി വരികയാണ്. വര്‍ഷാവര്‍ഷം നാട്ടില്‍ വന്നുതിരിച്ചു പോകാന്‍ സൗകര്യവും ലീവും ലഭിച്ചിട്ടും ഭീമമായ വിമാന ചാര്‍ജ് മൂലം യാത്ര വേണ്ടെന്ന് വെക്കുന്ന ധാരാളം പേരുണ്ട്. പാര്‍ലിമെന്റ് സമിതി ചൂണ്ടിക്കാട്ടിയ വിമാനക്കമ്പനികളുടെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റില്‍ ഓരോ ക്ലാസിലും പരമാവധി ഉയര്‍ന്ന നിരക്ക് നിശ്ചയിക്കുക, സീസണ്‍ സമയത്തും അല്ലാത്തപ്പോഴുമുള്ള ടിക്കറ്റ് നിരക്ക് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി ചില നിര്‍ദേശങ്ങളും പാര്‍ലിമെന്റ് സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് നടപ്പാക്കിക്കിട്ടുന്നതിന് ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉണ്ടാകേണ്ടതുണ്ട്.

---- facebook comment plugin here -----