‘ജലമാണ് ജീവന്‍’

കിണറുകളില്‍ നിന്ന് വലിയ പമ്പുസെറ്റുകള്‍വെച്ച് ടാങ്കുകളിലേക്ക് അടിച്ചു കയറ്റുകയും ടാപ്പുകളും ഫ്‌ളഷുകളും യഥേഷ്ടം തുറന്ന് വെള്ളമുപയോഗിക്കുകയും ചെയ്യുന്ന ധാരാളിത്തം മാത്രമേ പുതിയ തലമുറ ശീലിച്ചിട്ടുള്ളൂ. അവരെ കുറ്റപ്പെടുത്തിയതുകൊണ്ടായില്ല. കിണറുകളില്‍ നിന്ന് അത്യാവശ്യത്തിന് കോരിയെടുക്കുകയും അത്യാവശ്യത്തിന് മാത്രം മിതമായി ഉപയോഗിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അവര്‍ക്കന്യമാണ്. ഏതായാലും പണം കൊണ്ടും പൊങ്ങച്ചം കൊണ്ടും ഏതു വെല്ലുവിളികളെയും അതിജയിക്കാമെന്ന വ്യാമോഹം വെള്ളത്തിന്റെ കാര്യത്തില്‍ വേണ്ട.
Posted on: March 21, 2017 6:00 am | Last updated: March 20, 2017 at 11:35 pm

ജീവന്റെ തുടിപ്പുതൊട്ട് എല്ലാ ഘട്ടങ്ങളിലും ജീവജാലങ്ങള്‍ക്ക് അനിവാര്യമാണ് ജലം. വെള്ളമില്ലാതെ മനുഷ്യനെന്നല്ല, ഒന്നിനും നിലനില്‍ക്കുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെ പ്രകൃതിയെ പ്രതിപാദിച്ച ഗ്രന്ഥങ്ങളും പ്രമാണങ്ങളുമെല്ലാം ജലത്തിന്റെ പ്രാധാന്യത്തെ ഗൗരവപൂര്‍വം അനാവരണം ചെയ്തിട്ടുണ്ട്.

ജലം ഉള്‍പ്പെടെയുള്ള അമൂല്യമായ വിഭവങ്ങളാല്‍ സമൃദ്ധമാണ് ‘ദൈവത്തിന്റെ സ്വന്തം നാടാ’യി വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കേരളം. ഇതര വിഭാഗങ്ങളുടെ സമൃദ്ധിക്കു കാരണം കേരളത്തിലെ വെള്ളത്തിന്റെ ലഭ്യതയും അനുബന്ധമായ കാലാവസ്ഥയും ഭൂപ്രകൃതിയും തന്നെയാണ്.
നാല്‍പത്തി നാല് നദികളും ഒട്ടനവധി കായലുകളും തോടുകളും നീര്‍ച്ചാലുകളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് ധന്യമായ കേരളം പക്ഷേ, ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടിവെള്ള ദൗര്‍ലഭ്യതയാണ്. മഴയുടെ അളവ് വര്‍ഷം തോറും ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അടുത്ത കാലത്തൊന്നുമില്ലാത്ത വിധമുള്ള കുറവാണ് ഇക്കഴിഞ്ഞ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ഉണ്ടായിട്ടുള്ളത്.
ജീവജാലങ്ങള്‍ക്ക് കുടിക്കുന്നതിനായി കരുതിവെക്കപ്പെട്ട ഭൂഗര്‍ഭജലം നാള്‍ക്കുനാള്‍ സെന്റീ മീറ്റര്‍ കണക്കിനല്ല, മീറ്റര്‍ കണക്കിനു തന്നെ താഴ്ന്നുകൊണ്ടിരിക്കുന്നു. ഉള്ള നീര്‍ത്തടങ്ങളും പുഴകളുമെല്ലാം വറ്റിവരണ്ട് ‘കേരളത്തിന്റെ കണ്ണീര്‍ച്ചാലുകളായി മാറുകയോ മനുഷ്യന്റെ കൈകടത്തലുകള്‍ മൂലം മാലിന്യ സംഭരണികളായി മാറുകയോ ചെയ്യുന്നു. നിലവിലുള്ള കിണറുകളും കുടിവെള്ള സ്രോതസ്സുകളും ഭൂരിഭാഗവും ജൈവമാലിന്യങ്ങള്‍ കലര്‍ന്നതാണെന്ന് കണക്കുകള്‍ പറയുന്നു. വെള്ളത്തിന്റെ അമിതമായ ഉപയോഗവും ജലം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമാണ് ഈ കെടുതികള്‍ക്കെല്ലാം കാരണം.

വരാന്‍ പോകുന്ന ഭീതിതമായ സാഹചര്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ എല്ലാ തലങ്ങളിലും നടന്നുവരുന്നത് ശുഭോദര്‍ക്കമാണ്. സിറാജ് ദിനപത്രവും പലഘട്ടങ്ങളിലായി ബോധവത്കരണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളീയ സാഹചര്യത്തില്‍ ഇത്തരം ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയും ഗുണഫലങ്ങളുമുണ്ട്. സാമൂഹിക സേവന രംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്യുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താനാകും. കേരളീയര്‍ക്ക് അടിയന്തരമായും ജല സാക്ഷരത ഉറപ്പുവരുത്തലാണ് പ്രഥമഘട്ടം ചെയ്യേണ്ടത്.

പരമ്പരാഗത കര്‍ഷകരും കൃഷി രീതികളും ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രീയമായി ജലം സംരക്ഷിക്കാനുള്ള സംവിധാനങ്ങളില്ലാതെ വന്നിരിക്കുന്നു. മുറ്റത്തും പറമ്പിലും വീഴുന്ന മഴവെള്ളം തടം കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ സംവിധാനമൊരുക്കിയിരുന്ന പഴയ രീതികള്‍ പുതിയ ജീവിത ക്രമത്തില്‍ നമുക്കന്യമായിരിക്കുകയാണ്. പകരം വെള്ളം അവരവരുടെ സുഖ സൗകര്യങ്ങള്‍ക്ക് വിഘാതമാവുമെന്ന് കണ്ട് ഭൂമിയിലേക്കു താഴാനനുവദിക്കാതെ ഒഴുക്കിവിടുകയാണിന്ന്.
എല്ലാ കാര്യങ്ങളിലും ധാരാളിയായ ആധുനിക മലയാളിക്ക് വെള്ളം ചെലവഴിക്കുന്ന വിഷയത്തിലും മിതവ്യയമറിയില്ല. മാത്രമല്ല, പുതിയ തലമുറ കിണറുകളില്‍ നിന്നും വലിയ പമ്പുസെറ്റുകള്‍വെച്ച് ടാങ്കുകളിലേക്ക് അടിച്ചു കയറ്റുകയും ടാപ്പുകളും ഫ്‌ളഷുകളും യഥേഷ്ടം തുറന്ന് വെള്ളമുപയോഗിക്കുകയും ചെയ്യുന്ന ധാരാളിത്തം മാത്രമേ ശീലിച്ചിട്ടുള്ളൂ. അവരെ കുറ്റപ്പെടുത്തിയതുകൊണ്ടായില്ല. കിണറുകളില്‍ നിന്നും അത്യാവശ്യത്തിന് കോരിയെടുക്കുകയും അത്യാവശ്യത്തിന് മാത്രം മിതമായി ഉപയോഗിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അവര്‍ക്കന്യമാണ്. ഏതായാലും ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടി വരും. പണം കൊണ്ടും പൊങ്ങച്ചം കൊണ്ടും ഏതു വെല്ലുവിളികളെയും അതിജയിക്കാമെന്ന വ്യാമോഹം വെള്ളത്തിന്റെ കാര്യത്തില്‍ വേണ്ട, കണ്ടറിയാത്തവര്‍ കൊണ്ടറിയുക തന്നെചെയ്യും. അതിനാല്‍ തിരിച്ചറിവും ജാഗ്രത്തായ ശ്രമങ്ങളും ശൈലീമാറ്റവും തന്നെയാണ് പോംവഴി.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ മത-സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ സമൂഹത്തിന്റെ ധാര്‍മികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന സുന്നി സംഘ ശക്തി, അതിന്റെ യുവജന വിഭാഗമായ എസ് വൈ എസിന്റെ നേതൃത്വത്തില്‍ ‘ജലമാണ് ജീവന്‍’ എന്ന സന്ദേശവുമായി ജലസംരക്ഷണ സാമയികം നടത്തുകയാണ്. മുന്‍വര്‍ഷങ്ങളിലും സാമൂഹിക ശ്രദ്ധയാകര്‍ഷിച്ച ഈ പദ്ധതി വിജയകരമായി സംഘടിപ്പിച്ചിരുന്നു. ‘മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു നടത്തുന്ന ജന ജാഗരണ ക്യാമ്പയിനോടനുബന്ധിച്ചു ഈപദ്ധതിക്ക് ലോക ജല ദിനമായ നാളെ ഔപചാരികമായ തുടക്കമാവും.
എസ് വൈ എസിന്റെ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ സ്വഫ്‌വ, സാന്ത്വനം ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തും. പൊതു സ്ഥലങ്ങളിലും കേന്ദ്രങ്ങളിലും കുടിവെള്ള ടാപ്പുകളും ജല സംഭരണികളും സ്ഥാപിക്കും. ഉപയോഗ ശൂന്യമായി കിടക്കുന്ന നീര്‍ത്തടങ്ങള്‍ ശുചീകരിച്ച് ഉപയോഗ പ്രദമാക്കും. കൂടാതെ ലഘുലേഖ വിതരണം, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തി ജനങ്ങളെ ബോധവത്കരിക്കും.
കഴിഞ്ഞ മാസം തൃശൂര്‍ താജുല്‍ ഉലമ നഗറില്‍ സമസ്ത: ഉലമാ സമ്മേളനത്തോടനുബന്ധിച്ച് പുഴക്കല്‍ പാടത്ത് കാടു മൂടി ഉപയോഗശൂന്യമായി കിടക്കുന്ന കിണര്‍ ഉപയോഗപ്രദമാക്കി 25,000 പണ്ഡിതന്മാര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ക്ക് സൗകര്യമൊരുക്കി സംഘടന മാതൃക സൃഷ്ടിച്ചിരുന്നു. കൊടും വരള്‍ച്ചയും ജല ദൗര്‍ലഭ്യതയും മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ദാഹജലം എത്തിച്ചുകൊടുക്കാനും ആസന്നമായ ഭീഷണ സാഹചര്യങ്ങളെ സ്ഥായിയായി പ്രതിരോധിച്ചു നാടിനെ രക്ഷിക്കാനുമുള്ള ഈ ക്രിയാത്മക നീക്കങ്ങളില്‍ നമുക്ക് നല്ല മനസ്സോടെ കൈ കോര്‍ത്ത് പിടിക്കാം. ”നിറഞ്ഞൊഴുകുന്ന ജലാശയത്തിലാണെങ്കിലും നിങ്ങള്‍ വെള്ളം അമിതമായി ഉപയോഗിക്കരുത്” -നബി വചനം.