Connect with us

Gulf

സഊദിയില്‍ കലാവസ്ഥാ വ്യതിയാനം: മുന്നറിയിപ്പുമായി നിരീക്ഷകര്‍

Published

|

Last Updated

ദമ്മാം: രാജ്യത്തെ ഒമ്പത് പ്രവിശ്യകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷകര്‍. ഞാറാഴ്ച ചിലയിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത്. രാജ്യത്തിന്റെ വടക്ക് അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, മദീന, മക്ക, ഹായില്‍, അല്‍ ഖസ്സിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് മൂലം അന്തരീക്ഷം മൂടിക്കെട്ടി. ഈ പ്രദേശങ്ങളില്‍ പുറത്തേക്കിറങ്ങുമ്പോള്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പൊടിക്കാറ്റും മൂടലും മിക്ക പ്രദേശങ്ങളിലെയും നിരത്തുകളും പാതകളും ദൃശ്യപരമല്ലാതാക്കി.

റിയാദ് മേഖലയില്‍ അടുത്ത ആഴ്ച വരെ ഇടിയോടു കൂടിയുള്ള മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് വാക്താവ് കാപ്റ്റന്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അത്യാവശ്യങ്ങള്‍ക്കല്ലാതെ പൊതുജനം പുറത്തിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദൃശ്യപരമല്ലാത്ത മൂടിയ കലാവസ്ഥയില്‍ വണ്ടിയോടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിദ്ദയിലും മക്കയിലും ശനിയാഴ്ച രാത്രി മുതല്‍ തന്നെ സാമാന്യം നല്ല മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. ഞാറാഴ്ച രാവിലേയും ഇതേ അവസ്ഥ തുടര്‍ന്നു. ബുറൈദയിലും ശനിയാഴ്ച മഴ പെയ്തു. ദവാദ്മിയിലും സെന്‍ട്രല്‍ പ്രവിശ്യയിലും ഏറെക്കുറെ മോശമല്ലാത്ത കാലാവസ്ഥയാണിന്ന്. അടുത്ത ഏതാനും ദിവസങ്ങള്‍ കലാവസ്ഥ മാറിക്കൊണ്ടിരിക്കുമെന്നും കണ്ണ്, ആസ്ത്മ രോഗികള്‍ മുന്‍കരുതല്‍ നടപടികളും ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ഡോ. നാസര്‍ അല്‍ ദിന്‍ ശരീഫ് പറഞ്ഞു.

Latest