ഗിഫ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെ എം അബ്ബാസിന് പുരസ്‌കാരം

Posted on: March 20, 2017 7:20 pm | Last updated: March 20, 2017 at 7:41 pm
കെ എം അബ്ബാസ്

ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ ഗള്‍ഫ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിറാജ് ഗൾഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസിന്റെ ദേര (നോവല്‍), കഥകള്‍ (കഥാ സമാഹാരം) എന്നീ പുസ്തകങ്ങള്‍ അര്‍ഹമായി. കാസര്‍കോട് സ്വദേശിയാണ് കെ എം അബ്ബാസ്. ദേര, പലായനം (നോവല്‍) വാണിഭം, ഒട്ടകം, മൂന്നാമത്തെ നഗരം, ഷമാല്‍, സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ (കഥാ സമാഹാരങ്ങള്‍) സദ്ദാം ഹുസൈന്റെ അന്ത്യ നാളുകള്‍, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓര്‍മക്ക്, ചരിത്ര വിഭ്രാന്തികള്‍ (ലേഖന സമാഹാരങ്ങള്‍) എന്നിവ അബ്ബാസിന്റെ പ്രധാന കൃതികളാണ്.

സാദിഖ് കാവില്‍ (ഔട്ട് പാസ്), പി പി ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍), രമേശ് അരൂര്‍ (പരേതന്‍ താമസിക്കുന്ന വീട്), മുഹമ്മദ് അഷ്‌റഫ് (മല്‍ബു കഥകള്‍), ടി സാലിം (ലോങ്പാസ്) എന്നിവര്‍ക്കും അവാര്‍ഡുണ്ടെന്ന് ഗിഫ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ അലിയും ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കാസര്‍കോട് സ്വദേശിയായ സാദിഖ് കാവില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മനോരമ ഓണ്‍ലൈന്‍ പത്രം ഗള്‍ഫ് റിപ്പോര്‍ട്ടറാണ്. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്.
മയ്യഴി പള്ളൂര്‍ സ്വദേശിയായ പി പി ശശീന്ദ്രന്‍ ദുബൈയിലെ മാതൃഭൂമി ഗള്‍ഫ് എഡിഷന്റെ പ്രത്യേക പ്രതിനിധിയും ബ്യൂറോ ചീഫുമാണ്.

ആലപ്പുഴ ജില്ലയിലെ അരൂര്‍ പനക്കത്രച്ചിറയില്‍ സ്വദേശിയായ രമേശ് അരൂര്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ കോളമിസ്റ്റും പത്രാധിപ സമിതി അംഗവുമാണ്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ എം അശ്‌റഫ് 18 വര്‍ഷമായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പത്രാധിപ സമിതി അംഗമാണ്.
കണ്ണൂര്‍ സ്വദേശിയായ ടി സാലിം മലയാളം ന്യൂസിലെ സ്‌പോര്‍ട്‌സ് എഡിറ്ററാണ്.

പി എസ് എം ഒ കോളേജ് മലയാള വകുപ്പ് മുന്‍ മേധാവി പ്രൊഫ. അലവിക്കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസി. പ്രൊഫ. ഡോ. അസ്ഗര്‍ അലി പി എസ് എം ഒ കോളജ് മലയാള വകുപ്പ് മേധാവി ഡോ. ബാബുരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. അടുത്ത മേയില്‍ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.