Connect with us

Articles

വോട്ടിംഗ് മെഷീന്‍: വിശ്വസിച്ചാലും ഇല്ലെങ്കിലും

Published

|

Last Updated

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിനെക്കുറിച്ച് വിവാദങ്ങള്‍ തുടരുകയാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയാണ് ആദ്യമായി വോട്ടിംഗ് മെഷീനെതിരെ രംഗത്തുവന്നത്. പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തുവന്നു. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് അനുകൂലമാക്കുന്നതിന് വേണ്ടി വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തി എന്ന് മായാവതി പറയുമ്പോള്‍ പഞ്ചാബില്‍ എ എ പിയെ അധികാരത്തിന് പുറത്തുനിര്‍ത്താന്‍ കൃത്രിമം കാട്ടി എന്നാണ് കെജ്‌രിവാളിന്റെ വാദം. ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബി ജെ പി സ്ഥാനാര്‍ഥികള്‍ വിജയിച്ചത് തന്റെ വാദങ്ങള്‍ക്ക് പിന്‍ബലമേകുന്നതായി മായാവതി ചൂണ്ടിക്കാട്ടുന്നു. പഞ്ചാബില്‍ വന്‍ ജനക്കൂട്ടം പങ്കെടുത്ത റാലികള്‍ നയിച്ച പാര്‍ട്ടിക്ക് അതിനനുസരിച്ച് വോട്ടുകള്‍ ലഭിക്കാത്തതാണ് എ എ പി വോട്ടിംഗ് മെഷീനെ സംശയത്തിന്റെ നിഴലിലാക്കാന്‍ കാരണം.

മുഖ്യപ്രതിപക്ഷമായെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ അകാലിദള്‍ – ബി ജെ പി സഖ്യത്തിന് പിറകിലാണ് എ എ പി. സഖ്യത്തിന് 31 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എ എ പിക്ക് 25 ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്.
അടുത്ത് നടക്കാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് പകരം പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്നു കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പ് പരാജയം ന്യായീകരിക്കാനുള്ള തന്ത്രങ്ങളാണെന്നാണ് ബി ജെ പിയുടെ വാദം. യു പിയിലെ വിജയവും പഞ്ചാബിലെ എ എ പിയുടെ തോല്‍വിയും ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നതില്‍ തര്‍ക്കമില്ല. യു പിയിലെങ്ങാനും ബി ജെ പിക്ക് പരാജയം സംഭവിച്ചിരുന്നുവെങ്കില്‍ നോട്ട് നിരോധനം വഴി പ്രതിക്കൂട്ടിലായ മോദിക്കും ബി ജെ പിക്കും പ്രഹരമാകുമായിരുന്നു. പഞ്ചാബില്‍ എ എ പി അധികാരത്തില്‍ വരുന്നത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം അസഹനീയവുമാണ്. ബി ജെ പിക്കെതിരെ പലപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച തടയേണ്ടത് മോദിയുടെയും പാര്‍ട്ടിയുടെയും ആവശ്യവുമാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിനുള്ള വഴികള്‍ തേടാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കൃത്രിമം സാധ്യമോ?

എന്നാല്‍ ഇവിടെ ഒരു പ്രധാനകാര്യം ഇ വി എമ്മു (ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍)കളില്‍ കൃത്രിമം നടത്തി എന്ന് പറയുകയല്ലാതെ എങ്ങനെ നടത്തുന്നുവെന്ന് ആരും പറഞ്ഞിട്ടില്ല. അതിന് കാരണവുമുണ്ട്. കൃത്രിമം നടത്താനുള്ള സാധ്യതകള്‍ കണ്ടെത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള മെഷീനുകള്‍ പരീക്ഷണങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം കമ്മീഷന്‍ നിരാകരിച്ചിരുന്നു. എന്നാല്‍, ഇ വി എമ്മുകളുടെ നിര്‍മാണ കരാര്‍ ലഭിക്കുന്ന വന്‍കിട കുത്തക കമ്പനികള്‍ നിര്‍മാണഘട്ടത്തില്‍ തന്നെ ഇത്തരം കൃത്രിമങ്ങള്‍ നടത്തുന്നുവെന്നാണ് പറയുന്നത്. നിശ്ചിത വോട്ടുകള്‍ക്കു ശേഷം ചെയ്യുന്ന വോട്ടുകള്‍ ഒരു പ്രത്യേക കക്ഷിക്ക് ലഭിക്കുന്ന വിധത്തില്‍ മെഷീനുകള്‍ ക്രമീകരിക്കുന്നുവെന്നാണ് വാദം. തങ്ങളുടെ വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി പല വിദേശരാജ്യങ്ങളും വോട്ടിംഗ് മെഷീന്‍ ഉപേക്ഷിച്ചത് ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളും ഇപ്പോഴും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്. ജര്‍മനി, ഹോളണ്ട്, ഇറ്റലി, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് ഉപേക്ഷിച്ചതാണ്. അമേരിക്കയില്‍ തന്നെ കാലിഫോര്‍ണിയ തുടങ്ങി നിരവധി സ്റ്റേറ്റുകള്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയിട്ടുണ്ട്.

2010ല്‍ യു എസ് ശാസ്ത്രജ്ഞര്‍ ഇന്ത്യന്‍ വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കിയ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനായി മുംബൈയിലെ കലക്ടറേറ്റില്‍നിന്ന് വോട്ടിംഗ് മെഷീന്‍ കടത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ, ഇവിടെയും പരിമിതികളുണ്ടെന്ന് പറയാതെ വയ്യ. ഏതെങ്കിലും ഒരു മെഷീന്‍ ഹാക്ക് ചെയ്തതുകൊണ്ട് മാത്രം പ്രയോജനമില്ലല്ലോ. എന്നാല്‍ ഒരിക്കലും കൃത്രിമങ്ങള്‍ക്ക് സാധ്യമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന എ ടി എം തട്ടിപ്പുകള്‍ നടന്നത് സ്വകാര്യ കമ്പനി നിര്‍മിച്ച് നല്‍കിയ സ്റ്റേറ്റ് ബേങ്കിന്റെ എ ടി എം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ്. ഇവിടെ സംഭവിച്ചത് നിര്‍മാണ സ്ഥലത്തുനിന്ന് തന്നെ വിവരങ്ങള്‍ ചോര്‍ന്നുവെന്നതാണ്. ഇത്തരത്തില്‍ വോട്ടിംഗ് മെഷീനുകളുടെ നിര്‍മാണത്തിലും സംഭവിക്കാവുന്നതാണ്. ഇതൊന്നും സംഭവ്യമല്ലെന്ന് പറയുന്നതോ അത്തരം ശ്രമങ്ങളെയും തട്ടിപ്പുകളെയും മറികടക്കാന്‍ മാത്രം സാങ്കേതികമായി ഉയര്‍ന്നതാണെന്ന് പറയുന്നതോ അംഗീകരിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. സാങ്കേതികമായി എന്ത് സുരക്ഷയൊരുക്കിയാലും അതൊക്കെ മറികടക്കാന്‍ മാത്രം വൈദഗ്ധ്യം നേടിയവര്‍ ധാരാളമുണ്ട്.

ആരോപണം ആദ്യമല്ല

പല ഘട്ടങ്ങളിലായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിനെതിരെ രാജ്യത്തെ പ്രമുഖ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്ത് ആദ്യമായി വോട്ടിംഗ ്‌മെഷീന്‍ ഏര്‍പ്പെടുത്തിയത് 1982ല്‍ കേരളത്തിലെ പറവൂര്‍ മണ്ഡലത്തിലാണ്. അത് തന്നെ വിവാദങ്ങള്‍ക്കും കോടതി കയറാനും ഇടയാക്കുകയും ചെയ്തതാണ്. കോണ്‍ഗ്രസിലെ എ സി ജോസ് സി പി ഐയിലെ ശിവന്‍പിള്ളയോട് 123 വോട്ടിന് തോല്‍ക്കുകയും തുടര്‍ന്ന് എ സി ജോസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഇലക്‌ട്രോണിക് മെഷീന്‍ ഉപയോഗിച്ചിരുന്ന അമ്പത് പോളിംഗ് ബൂത്തുകളില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് റീപോളിംഗ് നടത്തിയപ്പോള്‍ വിജയം എ സി ജോസിനൊപ്പം നിന്നു.

ഇന്നിപ്പോള്‍ മായാവതിയുടെയും കെജ്‌രിവാളിന്റെയും ആരോപണങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുള്ള ബി ജെ പി പോലും 2009ല്‍ വോട്ടിംഗ് മെഷീനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച എല്‍ കെ അഡ്വാനി വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ശബ്ദിച്ചയാളാണ്. 2010ല്‍ നടന്ന ഗുജറാത്ത് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്തതല്ലെന്നും ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ കോണ്‍ഗ്രസിന് ചെയ്ത വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ഥിക്കാണ് രേഖപ്പെടുത്തപ്പെട്ടതെന്നും അന്നത്തെ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണറായിരുന്ന അലോക് ശുക്ല വെളിപ്പെടുത്തിയിരുന്നു.ബി ജെ പി നേതാവ് കൂടിയായ സുബ്രഹ്മണ്യം സ്വാമി വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ആദ്യമായി കോടതിയെ സമീപിച്ചയാളാണ്. ഈ വര്‍ഷം നടന്ന മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന കക്ഷികള്‍ ആരോപിച്ചിട്ടുണ്ട്.

കൃത്രിമം നടത്താന്‍ പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോഴും ഇതെല്ലാം തെളിയിക്കുന്നത് കൃത്രിമം നടത്താനുള്ള സാധ്യതയാണ്. വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ ഇക്കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് വരെയുള്ളതില്‍ ഏതെങ്കിലും പാര്‍ട്ടികള്‍ വോട്ടിംഗ് മെഷീനെതിരെ രംഗത്തുവന്നിട്ടുണ്ട്. പരാജയപ്പെടുന്ന കക്ഷികളായിരിക്കും ഇങ്ങനെ രംഗത്തുവരിക എന്നത് സ്വാഭാവികം മാത്രമാണ്.

കമ്മീഷന്‍
എന്ത് പറയുന്നു?

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഒരിക്കലും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, പ്രോഗ്രാം ചെയ്തു കഴിഞ്ഞാല്‍ നിര്‍മാണ കമ്പനിക്കു പോലും അതില്‍ മാറ്റങ്ങള്‍ സാധ്യമല്ലത്രേ. മെഷീനുകള്‍ ഏതെങ്കിലും നെറ്റ് വര്‍ക്കുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ പോളിംഗിനുശേഷം ഡാറ്റകളില്‍ കൃത്രിമം നടത്താനും കഴിയില്ല. ഇതിനൊക്കെ പുറമെ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ കക്ഷി പ്രതിനിധികളുടെ മുമ്പാകെ “മോക്ക് പോള്‍” നടത്തി ഉറപ്പുവരുത്തിയാണ് പോളിംഗിന് ഉപയോഗിക്കുന്നത്. ഇ വി എമ്മുകളുടെ സോഴ്‌സ് കോഡ് ഒരു വോട്ടര്‍ക്ക് ഒരു വോട്ട് മാത്രം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് രൂപവത്കരിച്ചിട്ടുള്ളത്. വോട്ട് ചെയ്തു കഴിയുന്നതോടു കൂടി മെഷീന്‍ പ്രവര്‍ത്തനരഹിതമാകുകയും അടുത്തയാള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ പ്രിസൈഡിംഗ് ഓഫീസര്‍ കണ്‍ട്രോള്‍ യൂനിറ്റ് വഴി നിര്‍ദേശം നല്‍കേണ്ടതുമുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതിന് പകരം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് പലപ്പോഴും കൃത്രിമം നടത്താന്‍ സഹായിക്കുന്നുവെന്നും അതിനാല്‍ വിദേശരാജ്യങ്ങളില്‍ വോട്ടിംഗ് മെഷീന്‍ ഒഴിവാക്കിയതിനെ ഇന്ത്യയിലെ സാഹചര്യങ്ങളുമായി തുലനപ്പെടുത്തരുതെന്നുമാണ് കമ്മീഷന്‍ നിലപാട്.

പരിഹാരം
വിവിപാറ്റ് സ്ലിപ്പ്

കൃത്രിമങ്ങള്‍ക്ക് വിധേയമാകില്ലെന്ന് പറയുമ്പോഴും കമ്മീഷന്‍ ഇലക്‌ട്രോണിക് മെഷീനിലെ പരിമിതി പരിഹരിക്കാനുള്ള ശ്രമത്തിലാണ്. വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പരിമിതിയെന്നത് ചെയ്തയാള്‍ക്ക് തന്നെയാണോ വോട്ട് ലഭിച്ചത് എന്നറിയാനുള്ള സമ്മതിദായകന്റെ പരിമിതിയാണ്. കൃത്രിമങ്ങള്‍ നടന്നുവെന്ന് വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ പ്രമുഖ കക്ഷികളൊക്കെ ആരോപിച്ച സ്ഥിതിക്ക് ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അതിനായി ഢീലേൃ ഢലൃശളശമയഹല ജമുലൃ അൗറശ േഠൃമശഹ (ഢഢജഅഠ) സ്ലിപ്പ് കാണുന്ന രീതിയിലേക്ക് വോട്ടിംഗ് മെഷീനെ പരിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. വോട്ട് ചെയ്യുന്നയാള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ സ്ലിപ്പ് മെഷീനില്‍ പുറത്തുവരികയും സെക്കന്‍ഡുകള്‍ക്കു ശേഷം മെഷിനുകള്‍ക്ക് സമീപം വെച്ച ബോക്‌സിലേക്ക് വീഴുകയും ചെയ്യുന്നു. വോട്ടിംഗിനെ കുറിച്ച് വിവാദമുണ്ടായാല്‍ ഈ സ്ലിപ്പുകള്‍ എണ്ണി തീര്‍പ്പാക്കാന്‍ കഴിയും. സ്ലിപ്പ് കാണുന്നതിനാല്‍ വോട്ടര്‍ക്ക് താന്‍ ഉദ്ദേശിച്ചയാള്‍ക്ക് വോട്ട് ലഭിച്ചുവെന്ന് ഉറപ്പുവരുത്താനും കഴിയും. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരം മെഷീനുകള്‍ ഉപയോഗിക്കണമെന്ന് സുപ്രീംകോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കിയിട്ടുള്ളതാണ്.

ലോകം സാങ്കേതികമായി ഉയരുമ്പോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് എന്നിടത്തുനിന്ന് ചെലവു കൂടിയതും സമയം കൂടുതല്‍ ആവശ്യവുമായ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നല്ല, മറിച്ച് എല്ലാ കക്ഷികളും ഏതെങ്കിലും സന്ദര്‍ഭത്തില്‍ കൃത്രിമം ആരോപിച്ചിട്ടുള്ള സംവിധാനത്തില്‍ വല്ല പിഴവുകളുമുണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ നടപടികളെടുക്കുകയാണ് വേണ്ട്. ഏതായാലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടുകൂടി വിവിപാറ്റ് സ്ലിപ്പ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇത്തരത്തിലുള്ള പരാതികള്‍ക്ക് പരിഹാരമാകുമെന്ന് വേണം കരുതാന്‍.

 

 

Latest