യുഎഇയിലെ വീട്ടുവാടക; പ്രവാസികളുടെ വരുമാനത്തെ വലിയതോതില്‍ കവരുന്നു

Posted on: March 17, 2017 7:55 pm | Last updated: March 17, 2017 at 7:31 pm

അബുദാബി: യു എ ഇയിലെ ഉയര്‍ന്ന വീട്ടുവാടക നിരക്ക് പ്രവാസികളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനവും കവരുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവും ആശങ്ക ഉയര്‍ത്തുന്നു.
സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം പേരാണ് വീട്ടുചെലവും വിദ്യാഭ്യസ ചെലവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി അഭിപ്രായപ്പെട്ടത്. നാഷണല്‍ ബോണ്ട്‌സിന് വേണ്ടി യു എ ഇയില്‍ നടത്തിയ സര്‍വേയിലാണ് പ്രവാസികളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനവും ഉയര്‍ന്ന വീട്ടുവാടക കവരുന്നതായി വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴോളം പേരും ഈ ആശങ്കയാണ് പങ്കുവെച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കേണ്ടിവരുന്ന ഉയര്‍ന്ന ചെലവാണ് മറ്റൊരു പ്രസിന്ധി. 2016-2017 അക്കാദമിക് വര്‍ഷത്തില്‍ അബുദാബിയില്‍ മാത്രം 51 സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ധനക്ക് അനുമതി നല്‍കിയത്. ആറുശതമാനം വരെയാണ് വര്‍ധനവ്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വര്‍ധിച്ചുവരുന്ന നിരക്കും പ്രവാസികളുടെ കീശ കാലിയക്കുന്നുണ്ട്. 46 ശതമാനം പേരാണ് വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഗ്യാസിന്റെയുമെല്ലാം നിരക്ക് വര്‍ധിച്ചുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവയുടെ നിരക്കില്‍ 3.91 ശതമാനത്തിന്റെ വര്‍ധനവാണ് വന്നിരിക്കുന്നത്. നഗരത്തിനകത്ത് നിരവധി ഫഌറ്റുകള്‍ കാലിയായി കിടക്കുമ്പോള്‍ ഫഌറ്റ് വാടക അനുദിനം ഉയരുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. നഗരത്തില്‍ കൃതിമമായി വാടക ഉയര്‍ത്തുന്നതായുള്ള പരാതിയും ശക്തമാണ്.
ബാച്ചിലര്‍ അക്കോമഡേഷനില്‍ ഒരു ബെഡ്‌സ്‌പേസിന് 650 മുതല്‍ 1,500 വരെ ദിര്‍ഹമാണ് നിരക്ക്. എക്‌സിക്യുട്ടീവ് ബാച്ചിലര്‍ ബെഡ് സ്‌പേസിന് ഇതിലും കൂടും. എന്നാല്‍ മുസഫ്ഫ, ബനിയാസ് മേഖലകളില്‍ വാടക ഗണ്യമായി കുറയുകയാണ്.
ചെറിയ വാടകക്ക് കുടുംബത്തോടൊപ്പം താമസിക്കുന്നതിന് അനുയോജ്യമായ വില്ല കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്.