Connect with us

National

അതിര്‍ത്തി തര്‍ക്കം: മോദിയില്‍ പ്രതീക്ഷ വെച്ച് ചൈനീസ് മാധ്യമങ്ങള്‍

Published

|

Last Updated

ബീജിംഗ്: ബി ജെ പിക്കുണ്ടായ വന്‍ വിജയം ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍. ഉത്തര്‍ പ്രദേശില്‍ അടക്കം ഉണ്ടായിരിക്കുന്ന വിജയം മോദിയില്‍ അധികാരം കേന്ദ്രീകരിക്കാന്‍ ഇടയാക്കിയെന്നും ഇത് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്‍കുമെന്നുമാണ് ചൈനീസ് സര്‍ക്കാറിനോട് അടുപ്പം പുലര്‍ത്തുന്ന ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെടുന്നത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ നേരത്തെയും പ്രതീക്ഷ പങ്കുവെച്ചിരുന്നു.

ഇരു രാജ്യങ്ങളും ആഗ്രഹിക്കുകയാണെങ്കില്‍ അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള അഭിപ്രായ ഭിന്നതകള്‍ മോദിയുടെ ഭരണകാലത്ത് തന്നെ പരിഹരിക്കപ്പെടുമെന്ന് ഒരു ലേഖനത്തില്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര കാര്യങ്ങളിലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര വിഷയങ്ങളിലും മോദി കൈക്കൊണ്ട തീവ്ര നിലപാടുകള്‍ അത് തെളിയിക്കുന്നുണ്ട്.

ആരെയും പിണക്കില്ലെന്ന ഇന്ത്യയുടെ പഴയ സമീപനം തിരുത്തിയ മോദി മറ്റ് രാജ്യങ്ങളുമായുള്ള വിവാദ വിഷയങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുന്നു. സ്വന്തം താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കുക എന്ന നിലപാടാണ് ഇപ്പോള്‍ ഇന്ത്യ കൈക്കൊള്ളുന്നത്. ചൈനയുമായും റഷ്യയുമായും സഹകരിക്കുന്ന മോദി ഷാംഗ്ഹായ് കോഓപറേഷന്‍ ഓര്‍ഗനനൈസേഷന്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ, അദ്ദേഹം അമേരിക്കയുമായും ജപ്പാനുമായും പ്രതിരോധ ബന്ധം ശക്തമാക്കുന്നു. അമേരിക്കയുടെ ഏഷ്യ- പസഫിക് തന്ത്രത്തെയും ദക്ഷിണ ചൈനാ കടല്‍ നിലപാടിനെയും മോദി പിന്തുണക്കുന്നത് അതിന്റെ ഭാഗമാണെന്നും ചൈനീസ് ഗ്ലോബല്‍ ടൈംസ് പറയുന്നു.

Latest