Connect with us

Malappuram

അശാന്തിയൊഴിയാതെ താനൂര്‍

Published

|

Last Updated

മലപ്പുറം: സ്‌നേഹത്തിനും സൗഹാര്‍ദത്തിനും പേരുകേട്ട തീരദേശമായ താനൂരില്‍ വീണ്ടും അശാന്തിയുടെ കരിനിഴല്‍. സാമുദായിക രാഷ്ട്രീയ പാര്‍ട്ടി പ്രദേശത്ത് തങ്ങള്‍ക്ക് കീഴടങ്ങാത്തവരെ അധികാരവും സ്വാധീനവും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് കുഴപ്പങ്ങള്‍ക്ക് പലപ്പോഴും വഴിമരുന്നിടുന്നത്.
കഴിഞ്ഞയാഴ്ച നടന്ന അക്രമത്തില്‍ റഹ്മാന്‍ ബീച്ച് സുന്നി സംഘടനകളുടെ ഓഫീസും, തൊട്ടടുത്ത സുന്നി പ്രവര്‍ത്തകരുടെ കീഴിലുള്ള അല്‍ അബ്ബാദ് ഫൈബര്‍ വെള്ളത്തിന്റെ ഓഫീസും തീയിട്ട് നശിപ്പിച്ചിരുന്നു. ഓഫീസിലുണ്ടായിരുന്ന രേഖകളും മറ്റുമടങ്ങിയ അലമാരയും പഠനക്ലാസുകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റും, പുസ്തകങ്ങളും മുഴുവന്‍ കത്തി നശിച്ചു. കൂടാതെ നിര്‍ധനരായ രോഗികളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിക്ക് കീഴിലുള്ള വാട്ടര്‍ ബെഡ്, വാക്കര്‍ ഉള്‍പ്പെടെയുള്ള ആതുര സേവനത്തിനുള്ള സാമഗ്രികള്‍, ടി വി, വി സിഡി, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മരണ വീടുകളിലും മറ്റുമായി നല്‍കാന്‍ ഉപയോഗിക്കുന്ന 50 ലധികം കസേരകളും സ്റ്റൂളുകളും അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ട്. ഓഫീസിന് തൊട്ടടുത്ത ഷെഡില്‍ സൂക്ഷിച്ചിരുന്ന അല്‍ അബ്ബാദ് ഫൈബര്‍ ബോട്ടിന്റെ 15 ലക്ഷത്തിലധികം വരുന്ന വലയും അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഉപയോഗിക്കാത്ത പുതിയ വലയാണ് നശിപ്പിക്കപ്പെട്ടത്.
ഇതിന് പുറമെ ഇരുപതോളം സുന്നിപ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ചാലിന്റെ പുരക്കല്‍ കോയമോന്‍, പൗറാജിന്‍രെ പുരക്കല്‍ ആലിയം കുട്ടി, തിത്തിരകത്ത് ഹംസ, മൂസാന്‍രെ പുരക്കല്‍ മമ്മി, പുത്തന്‍ വീട്ടില്‍ അശ്‌റഫ്, കുറ്റിക്കാടന്‍ വീട്ടില്‍ അബ്ബാസ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരുന്നു. വീട്ടില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരിക്കെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്.

അധികാരമുള്ളപ്പോള്‍ പോലീസിനെ അക്രമത്തിന് കാവല്‍ നിര്‍ത്തിയും, അധികാരം കൈവിട്ടപ്പോള്‍ പോലീസിനെ ആക്രമിച്ച് പ്രകോപിപ്പിച്ചും പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവര്‍ ഇപ്പോള്‍ പോലീസുകാരുടെ ചെയ്തികളെ ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നിരിക്കുന്നത് തങ്ങള്‍ നടത്തിയ അക്രമങ്ങളുടെ ഭീകരത പൊതുസമൂഹത്തില്‍ നിന്ന് മറച്ചുപിടിക്കാനും, അതുവഴി രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാഴ്ത്താനുമായുള്ള തന്ത്രമായിട്ടാണെന്നാണ് പൊതു അഭിപ്രായം. എന്നാല്‍ പ്രദേശത്തെ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്കും പേനയും ക്യാമറയും പിടിക്കാതെ ഉപരിപ്ലവമായ എഴുത്തും ദൃശ്യങ്ങളുമായി മാധ്യമങ്ങളും ഇതിന് കുടപിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കണ്ടത്. ഇതിനായി പ്രത്യേകം പരിശീലനം നല്‍കി ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലേക്ക് സ്ത്രീകളെ തള്ളിവിട്ടും പ്രകോപനപരമായ പ്രസ്താവനകളിലൂടെയും സംഘര്‍ഷം രൂക്ഷമാക്കുകയാണുണ്ടായത്. താനൂരിലേത് രാഷ്ട്രീയ സംഘര്‍ഷമെന്ന് പറയുമ്പോഴും ഒരു വശത്ത് എല്ലാ അക്രമങ്ങളിലും തകര്‍ക്കപ്പെടുന്നതും, കൈയേറ്റം ചെയ്യപ്പെടുന്നതും സുന്നിസ്ഥാപനങ്ങളും പ്രവര്‍ത്തകരുമാണെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. രാഷ്ട്രീയ അക്രമങ്ങളുമായോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത സുന്നി പ്രവര്‍ത്തകരും, സ്ഥാപനങ്ങളും നിരന്തരമായി അക്രമികളുടെ ലക്ഷ്യമാകുന്നതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താനൂര്‍ ചാപ്പപ്പടിയില്‍ സംഘടിപ്പിച്ച മുഖാമുഖ തെരുവ് നാടകം നടക്കുന്നതിനിടെ യു ഡി എഫിന്റെ പ്രചാരണ വാഹനം കടന്നു പോയതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷമാണ് പ്രദേശത്ത് ഇന്നും നിലനില്‍ക്കുന്നത്. അന്നത്തെ അക്രമത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് രാത്രി വളരെ വൈകിയും ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. നാല് മണിക്കൂര്‍ നീണ്ട പരാക്രമണങ്ങളായിരുന്നു താനൂര്‍ തീരപ്രദേശത്ത് നടന്നത്. അക്രമം നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെയും അക്രമികള്‍ കല്ലേറ് നടത്തി. താനൂര്‍ തീരദേശത്ത് സി പി എമ്മും മുസ്‌ലിം ലീഗും നടത്തുന്ന ഏറ്റുമുട്ടല്‍ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാനാകാത്തതും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതുമാണ് സംഘര്‍ഷം ആവര്‍ത്തിക്കപ്പെടുന്നതിന് വഴിയൊരുക്കുന്നത്.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന അക്രമങ്ങളില്‍ ഏറെ നഷ്ടം സഹിക്കേണ്ടി വന്നതും ഇതില്‍ കക്ഷികളല്ലാത്ത സുന്നി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കുമാണ്. സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയല്ലാത്തവര്‍ക്ക് ശക്തിയില്ലാത്ത സ്ഥലത്ത് തങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ അഴിഞ്ഞാടുന്നുവെന്ന പ്രചാരണം തന്നെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. താനൂരിലെ സ്ഥിതിഗതികള്‍ അറിയാത്ത രാഷ്ട്രീയക്കാരും സോഷ്യല്‍ മീഡിയയിലെ പ്രചാരകരും അത് ഏറ്റെടുക്കുന്നത് രാഷ്ട്രീയ താത്പര്യങ്ങളോടെയാണ്. പ്രകോപനമൊന്നുമില്ലാതെ ഇടക്കിടെ പ്രദേശത്ത് അക്രമങ്ങള്‍ അരങ്ങേറുന്നതിന് പിന്നിലെ താത്പര്യവും വ്യക്തമാണ്. ചെറിയ പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് താനൂരിനെ പരമാവധി പ്രശ്‌നബാധിത പ്രദേശമായി നിലനിര്‍ത്താനും, ഇതിന് മറവില്‍ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കാനും സമുദായ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ ആസൂത്രിതമാണ്. സംഘര്‍ഷത്തിന് തുടക്കമിട്ട് സുന്നി സ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ശീലത്തിന് താനൂരില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest