ട്രംപിന് വീണ്ടും തിരിച്ചടി; പുതിയ യാത്രാ വിലക്കിന് സ്റ്റേ

Posted on: March 17, 2017 8:38 am | Last updated: March 16, 2017 at 11:13 pm

വാഷിംഗ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് വീണ്ടും തിരിച്ചടി. ഹവായി ഫെഡറല്‍ കോടതിയാണ് പുതുക്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. സമാനമായ രണ്ടാമത്തെ യാത്രാ വിലക്കിനാണ് ട്രംപിന് തിരിച്ചടി നേരിടേണ്ടിവരുന്നത്. കോടതി നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രംപിന്റെ ഉത്തരവ് മുസ്‌ലിംകള്‍ക്കെതിരായ വിവേചനമാണെന്നും രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്നും ജില്ലാ കോടതി ജഡ്ജി ഡെറിക് വാട്‌സണ്‍ വ്യക്തമാക്കി. ടൂറിസ്റ്റുകള്‍, വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം ബാധിക്കുന്ന നടപടിയാണ് ട്രംപിന്റേതെന്ന് കോടതിയില്‍ ഹവായി സംസ്ഥാനം വാദിച്ചു. ഇതിന് അനുകൂലമായാണ് ജഡ്ജിയുടെ ഉത്തരവുണ്ടായത്.
ഇസ്‌ലാമിനെയോ മുസ്‌ലിമിനെയോ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ട്രംപിന്റെ ഉത്തരവ് മുസ്‌ലിം, ഇസ്‌ലാം വിരുദ്ധത നിറഞ്ഞതാണെന്ന് ജഡ്ജി വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കോടതിയുടെ നിര്‍ണായകവും നാടകീയവുമായ വിധിയുണ്ടായത്.

സിറിയ, യമന്‍, ഇറാന്‍, സൊമാലിയ, ലിബിയ, സുഡാന്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തെ വിലക്കും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ വിലക്കുമാണ് പ്രഖ്യാപിച്ചത്. ആദ്യത്തെ ഉത്തരവില്‍ ഇറാഖിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഈ രാജ്യത്തെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ് ട്രംപ് പ്രഖ്യാപിച്ചത്. ആദ്യത്തെ ഉത്തരവിനെതിരെ വ്യാപകമായ പ്രക്ഷോഭമാണ് രാജ്യത്തിനകത്തും പുറത്തും നടന്നത്. ഇതേതുടര്‍ന്ന് രണ്ട് ഫെഡറല്‍ കോടതികള്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
അതേസമയം, കോടതി വിധിയെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതിദാരുണമെന്നാണ് വിധിയെ പ്രസിഡന്റ് വിശേഷിപ്പിച്ചത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി കൊണ്ടുവന്ന ഉത്തരവിന് വേണ്ടി നിയമപോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇസില്‍ തീവ്രവാദികളെയും മറ്റും തുരത്തുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ് പാസ്സാക്കിയതെന്ന് ട്രംപ് ഭരണകൂടം ന്യായീകരിക്കുന്നു. തങ്ങളുടെ ഉത്തരവിന്റെ ലക്ഷ്യം മുസ്‌ലിംകളോ ഇസ്‌ലാമോ അല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, വിലക്കിന്റെ ഉദ്ദേശ്യം മുസ്‌ലിംകള്‍ തന്നെയാണെന്ന് ട്രംപിന്റെയും അനുയായികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെയും മറ്റുമുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതി വ്യക്തമാക്കി.