അടുത്ത തിങ്കളാഴ്ച പകലും രാത്രിയും സമമാകും

Posted on: March 16, 2017 10:30 pm | Last updated: March 16, 2017 at 9:58 pm

ദോഹ: അടുത്ത തിങ്കളാഴ്ച പകലും രാത്രിയും ഏകദേശം സമമായി വരും. വസന്തകാലത്തെ തുല്യദിനരാത്ര (വെര്‍ണല്‍ ഇക്വിനോക്‌സ്) പ്രതിഭാസമാണ് ലോകത്തെല്ലായിടത്തും പകലും രാത്രിയും സമമായി വരാന്‍ കാരണം. ദോഹയില്‍ ഉച്ചക്ക് 1.29നാണ് ഈ പ്രതിഭാസമുണ്ടാകുകയെന്ന് വിദഗ്ധര്‍ അറിയിച്ചു.

ഈ പ്രതിഭാസമുണ്ടാകേണ്ടത് അനിവാര്യമാണെന്നും നാല് ജ്യോതിശാസ്ത്ര ഋതുക്കളും കാലാവസ്ഥാ മാറ്റത്തിനുള്ള സൂചകങ്ങളാണെന്നും ഖത്വര്‍ കലന്‍ഡര്‍ ഹൗസിലെ വിദഗ്ധരായ ഡോ. ബശീര്‍ മര്‍സൂഖും ഡോ. മുഹമ്മദ് അല്‍ അന്‍സാരിയും അറിയിച്ചു. കിഴക്ക്- പടിഞ്ഞാറ് ചക്രവാളങ്ങള്‍ നിരീക്ഷിച്ച് ഈ ദിവസം സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും യഥാര്‍ഥ കേന്ദ്രം നിരീക്ഷിക്കാം. ഈ ദിവസം പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറും ഏഴ് മിനിറ്റും രാത്രി 11 മണിക്കൂറും 53 മിനിറ്റുമായിരിക്കും. ദോഹയിലെ സൂര്യോദയം 5.38നും സൂര്യാസ്തമയം 5.45നും ആയിരിക്കും.

ഏകദേശം 365.25 ദിവസം ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ കറങ്ങുന്നതും ഭ്രമണപഥ പ്രതലത്തില്‍ ഭൂമിയുടെ അച്ചുതണ്ട് 23.5 ഡിഗ്രി ചെരിയലുമാണ് വെര്‍ണല്‍ ഇക്വിനോക്‌സിന് കാരണം. ഈ ദിവസം സൂര്യന്‍ ഭൂമധ്യരേഖയില്‍ ലംബമായി വരും. ഈ ദിവസത്തിന് ശേഷം സൂര്യന്റെ പ്രത്യക്ഷ ചലനം വടക്കന്‍ അര്‍ധഗോളത്തിന്റെ വടക്കുഭാഗത്തേക്കായിരിക്കും. അപ്പോള്‍ പകല്‍ ദൈര്‍ഘ്യം രാത്രിയേക്കാള്‍ വര്‍ധിക്കും. വടക്കന്‍ ഉഷ്ണമേഖലക്ക് മേലെ ലംബമായി സൂര്യന്‍ വരുന്ന ജൂണ്‍ 21 വരെ ഇങ്ങനെയായിരിക്കും.

അന്നാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള പകലുണ്ടാകുക. ഈ വര്‍ഷത്തെ ശൈത്യകാല ദൈര്‍ഘ്യം 89 ദിവസവും വസന്തകാലം 93 ദിവസവുമായിരിക്കും.