പഞ്ചാബിലും വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടെന്ന് കെജ്‌രിവാള്‍

Posted on: March 16, 2017 10:38 am | Last updated: March 16, 2017 at 10:29 am

ന്യൂഡല്‍ഹി: യു പിയില്‍ ബി ജെ പി വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്ന ബി എസ് പി നേതാവ് മായാവതിയുടെ ആരോപണത്തിനു പിന്നാലെ പഞ്ചാബ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തത്തി. എ എ പിയുടെ 25 ശതമാനത്തോളം വോട്ടുകള്‍ ബി ജെ പി- അകാലിദള്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കെജ്‌രിവാളിന്റെ ആരോപണം. അത്രയും വോട്ടുകള്‍ ബി ജെ പി സഖ്യത്തിന് ലഭിച്ചതു കൊണ്ടാണ് കോണ്‍ഗ്രസ് വിജയിച്ചത്. അത് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതു കൊണ്ടാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില മേഖലകളില്‍ നിന്ന് ലഭിച്ച വോട്ടുകള്‍ അവിടെയുള്ള പാര്‍ട്ടി വളണ്ടിയര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവായിരുന്നു. ഉദാഹരണമായി ഗോവിന്ദ്പുരിലെ കാര്യം അദ്ദേഹം സൂചിപ്പിച്ചു. ഗോവിന്ദ്പുരില്‍ തങ്ങള്‍ക്ക് കിട്ടിയത് ഒരു വോട്ട് മാത്രമാണ്. പാര്‍ട്ടിയുടെ ശക്തരായ അഞ്ച് വളണ്ടിയര്‍മാര്‍ അവിടെയുണ്ട്. അവരുടെ വോട്ട് പോലും പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വന്നിട്ടില്ല. ആ വോട്ടുകള്‍ എവിടെപ്പോയെന്നും കെജ്‌രിവാള്‍ ചോദിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന് താന്‍ പറഞ്ഞതല്ല, സുപ്രീം കോടതി നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എന്നെ പരിഹസിക്കും. സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ഇട്ട് പരിഹസിക്കും. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണ്- കെജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ പാര്‍ട്ടി ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ചില എക്സിറ്റ്പോള്‍ സര്‍വേ ഫലങ്ങളും ഇത് സൂചിപ്പിച്ചിരുന്നു. അത് എങ്ങനെ മാറി മറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ സ്ഥിതി തുടരാനാകില്ല. ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വേട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളിലടക്കം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ വോട്ടിംഗ് സിസ്റ്റം തിരികെ കൊണ്ടുവന്നിട്ടുണ്ട്. വോട്ടിംഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിട്ടുണ്ട്.