എന്‍ എസ് ജി അംഗീകാരം: ഇന്ത്യക്ക് ട്രംപ് തടസ്സമാകില്ല

Posted on: March 16, 2017 10:45 am | Last updated: March 16, 2017 at 10:13 am

വാഷിംഗ്ടണ്‍: ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം അമേരിക്കയുടെ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. എന്‍ എസ് ജി അംഗത്വം സംബന്ധിച്ച് ഇന്ത്യക്ക് അമേരിക്ക പിന്തുണ നല്‍കും. അംഗത്വത്തിന് ഇന്ത്യ അര്‍ഹമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അമേരിക്കന്‍ വിേദശകാര്യ വക്താവ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

48 അംഗ ആണവ വിതരണ സംഘത്തില്‍ ഇന്ത്യ അംഗമാകുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബുഷ് ഭരണകൂടം മുതല്‍ ഈ വിഷയത്തില്‍ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.
ഒബാമ ഭരണകാലത്ത് ഈ വിഷയത്തില്‍ വലിയ പുരോഗതിയുണ്ടായെങ്കിലും ചൈനയുടെ എതിര്‍പ്പ് കാരണം ഇന്ത്യ തഴയപ്പെടുകയായിരുന്നു. ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തിനായി ഇന്ത്യയും ഗ്രൂപ്പിലെ മറ്റ് സര്‍ക്കാറുകളുമായി ചേര്‍ന്ന് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമെന്നും വക്താവ് പറഞ്ഞു.