Connect with us

Gulf

ഖത്വറില്‍ ബൈക്ക് ലൈസന്‍സ് എടുക്കുന്നവര്‍ വര്‍ധിച്ചു

Published

|

Last Updated

ദോഹ: രാജ്യത്ത് ബൈക്ക് ലൈസന്‍സ് എടുക്കുന്നവര്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പ്രവാസികളാണ് കൂടുതലായും മോട്ടോര്‍ബൈക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്നത്. ഖത്വരി യുവജനങ്ങള്‍ക്കിടയില്‍ ആധുനി ബൈക്കുകളോട് താത്പര്യം വര്‍ധിക്കുന്നത് മോട്ടോര്‍ബൈക്ക് ലൈസന്‍സ് വര്‍ധിക്കാന്‍ ഇടയാക്കുന്നു. മോട്ടോര്‍ബൈക്കുകള്‍ ഓടിക്കുന്നതിനും ഡ്രൈവിംഗ് ലൈസന്‍സ് അനിവാര്യമാണ്. മറ്റു വാഹനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ വേണ്ട അതേനടപടിക്രമങ്ങള്‍തന്നെയാണ് ബൈക്ക് ലൈസന്‍സിനുമുള്ളത്.

കഴിഞ്ഞ കുറേമാസങ്ങള്‍ക്കിടെ മോട്ടോര്‍ ബൈക്ക് ലൈസന്‍സ് തേടിയെത്തുന്ന പഠിതാക്കളുടെ എണ്ണത്തില്‍ ഏകദേശം ഇരുപത് ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അല്‍ ഖിബ്ര ഡ്രൈവിംഗ് അക്കാദമി ജനറല്‍ മാനേജര്‍ ഉമര്‍ കബാലൂ ദി പെനിന്‍സുലയോട് പറഞ്ഞു. ഡെലിവറി ബോയ്‌സിന്റെ ആവശ്യകത വര്‍ധിച്ചതോടെയാണ് മോട്ടോര്‍ബൈക്ക് ലൈസന്‍സിനും ഡിമാന്‍ഡ് ഏറിയത്. മോട്ടോര്‍ബൈക്കുകളുടെ ലൈസന്‍സിനുള്ള ഫുള്‍കോഴ്‌സില്‍ പത്ത് തിയറി ക്ലാസുകളും 25 പ്രാക്ടിക്കല്‍ ക്ലാസുകളുമാണുള്ളത്. ഫുള്‍കോഴ്‌സിന് 1475 ഖത്വര്‍ റിയാലാണ് ഫീസ്. ഈ കോഴ്‌സില്‍ പഠിതാവിന് നാലു റോഡ് ടെസ്റ്റുകളില്‍ പങ്കെടുക്കാം. ഖത്വരികള്‍ക്ക് മോട്ടോര്‍ബൈക്ക് ലൈസന്‍സിനുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതമാണ്. യൂറോപ്യന്‍ വനിതകളും മോട്ടോര്‍ബൈക്ക് ലൈസന്‍സിനായി അക്കാദമിയിലെത്തുന്നുണ്ടെന്നും കബാലൂ പറഞ്ഞു.

പ്രവാസികളെ സംബന്ധിച്ചിടത്തോളം കാര്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അതേനടപടിക്രമങ്ങളാണ് മോട്ടോര്‍ബൈക്ക് ലൈസന്‍സിനുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലുടമയില്‍നിന്നും എന്‍ ഒ സി, കണ്ണുപരിശോധനാ റിപ്പോര്‍ട്ട്, അപേക്ഷകന്റെ ഖത്വര്‍ ഐ ഡി പകര്‍പ്പ്, നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ് ലൈസന്‍സിന് അപേക്ഷിക്കാന്‍ വേണ്ടത്. ഖത്വര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും കോപ്പി, പാസ്‌പോര്‍ട്ടിലെ എന്‍ട്രി സ്റ്റാമ്പ് എന്നിവ സമര്‍പ്പിക്കണം. ക്ലാസ്‌റൂം പരിശീലനത്തിനു പുറമെ കുറഞ്ഞത് എട്ട് മണിക്കൂര്‍ ബൈക്കില്‍ പരിശീലനവും നല്‍കും. സ്വന്തമായി ഹെല്‍മറ്റില്ലാത്തവര്‍ക്ക് ഹെല്‍മറ്റും ലഭ്യമാക്കുമെന്ന് അല്‍ ഖിബ്രയിലെ ഒരു പരിശീലകന്‍ പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഫുള്‍ കോഴ്‌സുകള്‍ക്കു പുറമെ ഷോര്‍ട്ട് കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട്.

മുമ്പ് ഹോംഡെലിവറിക്കായി കാറുകളാണ് കൂടുതലായും ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ ബൈക്കുകളാണ് ഖത്വറിലെ പ്രമുഖമായ പല ഭക്ഷണശാലകള്‍ ഉപയോഗിക്കുന്നത്. ട്രാഫിക്ക് കുരുക്കുകളില്‍ അധികനേരം കിടക്കേണ്ടതില്ലെന്നതും വേഗത്തില്‍ വിതരണം സാധ്യമാക്കാനാകും എന്നതുമാണ് ബൈക്കുകളിലേക്ക് തിരിയാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇതും ബൈക്ക് ലൈസന്‍സ് അപേക്ഷകുരടെ എണ്ണം വര്‍ധിപ്പിച്ചു.

 

Latest