Connect with us

Gulf

സഊദിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം മന്ത്രാലയം പിന്‍വലിച്ചു

Published

|

Last Updated

ദമ്മാം: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചതായി സഊദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ശരിയായ ലൈസന്‍സ് ഉള്ള സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചു കൊണ്ടുള്ള അധികൃതരുടെ തീരുമാനത്തിന്റെ അപ്രായോഗികത ചര്‍ച്ചകള്‍ക്ക് ഇടയായതിന്റെ അടിസ്ഥാനത്തിലാണ് പുന:പരിശോധിച്ചത്.

വ്യവസ്ഥകള്‍ പാലിക്കാനാവാതെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ ആ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കര്‍ സംവിധാനങ്ങള്‍ക്കാവില്ല. ഇതിനു പുറമെ ഒട്ടുമിക്ക സര്‍ക്കാര്‍ സ്‌കൂളുകളും രണ്ട് ഷിഫ്റ്റായാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ അന്താരാഷ്ട്ര സ്‌കൂളുകളില്‍ 30 ശതമാനം സ്വദേശി വല്‍കരണം നിര്‍ബന്ധമാണെന്നത് 10 നും 15 നും ഇടയിലാക്കി നല്‍കിയത് തൊഴില്‍ സാമൂഹ്യ വികസനം മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വലിയ ആനുകൂല്യമായി സ്‌കൂള്‍ അധികൃതര്‍ കാണുന്നു. പുതിയ പദ്ധതിക്ക് “തദറുജ്” എന്നാണ് പേരിട്ടിരിക്കുന്നത്. ഇതനുസരിച്ച് മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വാടകക്കെട്ടിടത്തിലും പ്രവര്‍ത്തിക്കാം. ഈ പദ്ധതി അനുസരിച്ച് ആവശ്യമായ തോതില്‍ ഭരണസമിതി കെട്ടിടം പുതുക്കുന്നതും വികസിപ്പിക്കുന്നതും ഉറപ്പ് വരുത്തും. മുനിസിപ്പാലിയി, സിവില്‍ ഡിഫന്‍സ് അനുമതികള്‍ക്കായി സ്വകാര്യ സ്‌കൂള്‍ ഭരണ സമിതിയും കെട്ടിട കാര്യ വിഭാഗങ്ങളും ഇത് ഉറപ്പു വരുത്തണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ പദ്ധതി അനുസരിച്ച് സ്വകാര്യ സ്‌കൂളുകളെ എ, ബി, സി വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ആദ്യ ഘട്ടം മാറ്റം ആവശ്യമായ കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും കൈമാറും. ഇതിലെ നിര്‍ദ്ദേശങ്ങളുടെ പാലനം അടിസ്ഥാനമാക്കിയാവും അനുമതി നല്‍കുക. നിര്‍ദ്ദേശങ്ങളില്‍ 75 ശതമാനം നിറവേറ്റാത്ത കെട്ടിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കില്ല.