പതിനാല് ദശലക്ഷം അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നഷ്ടമാകും

Posted on: March 15, 2017 8:53 am | Last updated: March 15, 2017 at 12:54 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ നയം 14 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നഷ്ടമാക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇത്രയും ആളുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാതാകുമെന്ന് കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് (സി ബി ഒ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ 2026 ഓടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത അമേരിക്കക്കാരുടെ എണ്ണം 52 ദശലക്ഷമായി ഉയരും.

രാജ്യത്തിന്റെ ധനക്കമ്മി കുറക്കുകയെന്ന ലക്ഷ്യത്തോടെ ഒബാമകെയര്‍ പദ്ധതി വെട്ടിക്കുറക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കുറഞ്ഞ ചെലവില്‍ ആശുപത്രികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും നല്ല ചികിത്സയും മറ്റ് സഹായവും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒബാമ കെയര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനാണ് ട്രംപ് അധികാരമേറ്റയുടനെ മാറ്റം വരുത്താനൊരുങ്ങുന്നത്.