Connect with us

National

ഭരണം നഷ്ടമായത് നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമെന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍

Published

|

Last Updated

പനാജി: ഗോവയില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം നഷ്ടമായത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമെന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍. കൃത്യമായ സമയത്ത് കേന്ദ്ര നേതൃത്വം ഇടപെടല്‍ നടത്താത്തതിനാലാണ് സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയതെന്ന വിമര്‍ശനമാണ് ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിനെതിരെ രോഷം പൂണ്ടാണ് എം എല്‍ എമാര്‍ സംസാരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയുടെ മകനും പ്രതിപക്ഷ നേതാവുമായ വിശ്വജിത് റാണെയാണ് രൂക്ഷ വിമര്‍ശം നടത്തിയത്. പിടിപ്പുകേടാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങള്‍ കോണ്‍ഗ്രസിന് സര്‍ക്കാറുണ്ടാക്കാനുള്ള അവകാശം നല്‍കി. പക്ഷേ നേതാക്കളുടെ വിഡ്ഢിത്തം കാരണം പാര്‍ട്ടി അവസരം തുലച്ചുകളഞ്ഞുവെന്ന് റാണെ പറഞ്ഞു.

മൂന്ന് എം എല്‍ എമാര്‍ നേതൃത്വത്തിന്റെ അനാസ്ഥയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് രാജിക്ക് ഒരുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. 21 സീറ്റ് കേവല ഭൂരിപക്ഷം വേണ്ടയിടത്ത് 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. 13 സീറ്റുകള്‍ നേടി രണ്ടാമതെത്തിയ ബി ജെ പി തന്ത്രപരമായ നീക്കത്തിലൂടെ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാണ് അധികാരം പിടിച്ചത്.

അതേസമയം പിന്തുണക്കുന്ന എം എല്‍ എമാരുടെ പട്ടിക ഞായറാഴ്ച തന്നെ കൈമാറിയിട്ടും ഗവര്‍ണര്‍ മൃദുല സിന്‍ഹ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചില്ലെന്നും പക്ഷപാതപരമായ സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. ഗോവ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ ചട്ടങ്ങളും തത്വങ്ങളും കാറ്റില്‍ പറത്തുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഒന്നാം കക്ഷിയെ തഴഞ്ഞ് രണ്ടാം കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത് ചട്ട വിരുദ്ധമാണെന്നും സിംഗ് പറഞ്ഞു.