Connect with us

National

ഉപതിരഞ്ഞെടുപ്പ്: തനിക്ക് ഭീഷണിയെന്ന് ദീപ ജയകുമാര്‍

Published

|

Last Updated

ചെന്നൈ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍ കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താന്‍ പ്രഖ്യാപിച്ച അന്നുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് പരോക്ഷ ഭീഷണികള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എ ഐ എ ഡി എം കെ മേധാവി വി കെ ശശികല ക്യാമ്പിന്റെ പേരെടുത്തുപറയാതെ, അതിലേക്കുള്ള സൂചനകള്‍ നല്‍കിയായിരുന്നു ദീപയുടെ ആരോപണം. വീട്ടില്‍ കഴിയാന്‍ പോലും സാധിക്കാത്ത വിധം ഗുണ്ടകള്‍ തന്നെ പിന്തുടരുകയാണ്. അവര്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ല. ഉപതിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ദീപ ആരോപിച്ചു.

നേരത്തെ, ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനോ മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനോ തന്നെ ചിലര്‍ അനുവദിച്ചിരുന്നില്ല. ശശികലക്കെതിരെയുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഒ പനീര്‍ശല്‍വം മറീനാ ബീച്ചിലെ ജയ സ്മാരകത്തില്‍ ധ്യാനനിരതനായതിന് സമാനമായാണ് പുതിയ ആരോപണങ്ങളുമായി ദീപയും രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 24നാണ് എം ജി ആര്‍ അമ്മ ദീപ പേരവൈ എന്ന സംഘടനക്ക് ദീപ ജയകുമാര്‍ രൂപം നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് അവര്‍ പ്രതിനിധാനം ചെയ്തിരുന്ന ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.