Connect with us

National

ജമാഅത്തുദ്ദഅ്‌വക്ക് പുതിയ നേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന ഹാഫിസ് സഈദിന്റെ ഭാര്യാസഹോദരന്‍ ഹാഫിസ് അബ്ദുര്‍ റഹ്മാന്‍ മാക്കിയെ ഭീകരവാദ സംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ മേധാവിയായി നിയമിച്ചു.
ഹാഫിസ് സഈദ് ലാഹോറില്‍ പാക്കിസ്ഥാന്‍ ഭീകരവാദ വിരുദ്ധ നിയമ (എ ടി എ) പ്രകാരം വീട്ടുതടങ്കലില്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നേതൃമാറ്റം. അമേരിക്ക രണ്ട് മില്യണ്‍ ഡോളര്‍ തലക്ക് വിലയിട്ടിട്ടുള്ള ഭീകരവാദ നേതാവാണ് മാക്കി. പത്ത് മില്യണ്‍ ഡോളറാണ് അമേരിക്ക ഹാഫിസ് സഈദിന്റെ തലക്കിട്ടിരിക്കുന്ന വില.

ഹാഫിസിന്റെ വീട്ടുതടങ്കലിന്റെ പശ്ചാത്തലത്തിലാണെങ്കിലും ജമാഅത്തുദ്ദഅ്‌വയുടെ രണ്ടാമത്തെ മേധാവിയായാണ് മാക്കി നിയമിതനായിരിക്കുന്നത്. ഹാഫിസിന്റെ വീട്ടുതടങ്കല്‍ ഒഴിവാക്കുന്നതിന് ലാഹോറില്‍ മാക്കിയുടെ നേതൃത്വത്തില്‍ ആറ് റാലികള്‍ സംഘടിപ്പിച്ചിരുന്നു.
അതിനിടെ, 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണ കേസില്‍ പുനരന്വേഷണം നടത്തണമെന്നും ഹാഫിസ് സഈദിനെ വിചാരണ ചെയ്യണമെന്നും ഇന്ത്യ കഴിഞ്ഞ ആഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ 26 സാക്ഷികളെ കൂടി പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന അവരുടെ ആവശ്യം ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു. മതിയായ തെളിവുകള്‍ ഇതിനകം തന്നെ നല്‍കിയെന്നാണ് ഇന്ത്യയുടെ വിശദീകരണം. 2008 നവംബര്‍ 26ന് മുബൈയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. 10 ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒമ്പത് പേരെ പോലീസ് വധിക്കുകയും പത്താമനായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ച കസബിനെ പിന്നീട് തൂക്കിക്കൊല്ലുകയായിരുന്നു.

Latest