സദാചാര സംരക്ഷണവും മനുഷ്യാവകാശങ്ങളും

Posted on: March 14, 2017 6:00 am | Last updated: March 13, 2017 at 11:51 pm

ഒരേയൊരു ലൈംഗിക പങ്കാളി എന്നത് എയ്ഡ്‌സിനെതിരെയുള്ള പ്രതിരോധ തന്ത്രം എന്ന നിലയിലാണ് ഇന്നു പലരും അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനതീതമായ ഒരു ദാര്‍ശനികമാനം ഉള്‍ക്കൊള്ളുന്നതാണ് ഈ സങ്കല്‍പം. സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ ആദ്യമൊക്കെ, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒട്ടേറെ ലൈംഗിക പങ്കാളികളുണ്ടായിരുന്നു എന്നു കാണാം. പോളിയാന്‍ഡ്രി(ബഹുഭര്‍തൃത്വം) പോളിഗമി(ബഹുഭാര്യാത്വം) തുടങ്ങിയ സമ്പ്രദായങ്ങളുടെ വികാസപരിണാമം എന്ന നിലയിലാണ് ഇന്നു മിക്ക വിശ്വോത്തര സംസ്‌കാരങ്ങളിലും ഏക ലൈംഗീക പങ്കാളിത്തം എന്ന സമ്പ്രദായം ‘മാതൃകാപര’മായി കണക്കാക്കപ്പെടുന്നത്. ഇത് കേവലം പാരമ്പര്യങ്ങളുടെയോ നാട്ടാചാരങ്ങളുടെയോ പ്രശ്‌നമല്ല. അതിനപ്പുറമുള്ള മാനുഷീകാനുഭൂതിയെ അപഗ്രഥിച്ചറിയലാണ്.
ഒന്നിലധികം വ്യക്തികളുമായുള്ള ലൈംഗിക ബന്ധം പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ ജീവിതത്തിലാണ് കൂടുതലാഘാതങ്ങള്‍ സൃഷ്ടിക്കുക. കാരണം മൈഥുനം പുരുഷ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നില്ല. എന്നാല്‍, സ്ത്രീയുടെ കാര്യത്തില്‍ ലൈംഗികാനുഭൂതി അവളുടെ ആന്തരാത്മാവിനെ പോലും ആഴത്തില്‍ ഉഴുതുമറിക്കാന്‍ പര്യാപ്തമാണ്. ശാശ്വതമായ ആത്മാര്‍പ്പണത്തിന് തയ്യാറല്ലാത്ത വ്യക്തിയുമായുള്ള ശാരീരിക വേഴ്ച സ്ത്രീയുടെ ജീവിതത്തെ തകര്‍ക്കും. സ്ത്രീ പ്രകൃതി നിയമപ്രകാരം അമ്മയാകാന്‍ നിയോഗിക്കപ്പെട്ടവളാണ്.

ലൈംഗിക ബന്ധമാണ് അവളെ മാതൃത്വത്തിന്റെ പടവുകളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. അതിലൂടെയാണ് അവളുടെ വ്യക്തിത്വം സാഫല്യം നേടുന്നത്.
ഈ പരസ്പര സമര്‍പ്പണത്തിന്റെ പ്രചോദനവും പ്രേരണയും പലരുടെ കാര്യത്തിലും ദീര്‍ഘകാലം നിലനിന്നില്ലെന്നു വരാവുന്നതാണ്. അപ്പോഴാണ് ‘മറ്റു പൂച്ചെടി ചെന്ന് തിന്നാനെന്‍ കൊറ്റനാടിനുണ്ടിപ്പോഴെ മോഹം’ എന്ന കവി വാക്യം പലരുടെയും ജീവിത്തിന്റെ താളം തെറ്റിക്കുന്നത്. ഈ മോഹം ദാമ്പത്യ ജീതിവിത്തിന്റെ ശിഥിലീകരണത്തിന്റെ തുടക്കമാണ്. ഇതിന് പരിഹാരം അങ്ങാടിയില്‍ വാണിഭ വസ്തുവാക്കിയിരിക്കുന്ന ലൈംഗിക സുഖം, വിലകൊടുത്തു വാങ്ങലല്ല. ബുദ്ധിപൂര്‍വം ഈ അവസ്ഥ ഒഴിവാക്കാനുള്ള മാര്‍ഗം ഓരോ വ്യക്തിയും തന്റെ സ്‌നേഹഭാജനത്തിന്റെ പരിമിതികളെയും ബലഹീനതകളെയും മുന്‍കൂട്ടി കണ്ടറിഞ്ഞ് അംഗീകരിക്കുക, എന്നതാണ്.
മറ്റു സ്‌നേഹബന്ധങ്ങള്‍ പോലെ പങ്കുവെക്കും തോറും വളരുന്ന ഒന്നല്ല ലൈംഗികാകര്‍ഷണവുമായി ബന്ധപ്പെട്ട സ്‌നേഹ ബന്ധം. ഉദാഹരണത്തിന് മാതാപിതാക്കള്‍ക്കു എല്ലാ മക്കളെയും ഒരേ അളവില്‍ ആഴത്തില്‍ സ്‌നേഹിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ലൈംഗിക ബന്ധാധിഷ്ഠിതമായ സ്‌നേഹബന്ധത്തില്‍ ഇത് സാധ്യമല്ല. ഇവിടെയാണ് സാധാരണ സ്‌നേഹവും ലൈംഗിക സ്‌നേഹവും തമ്മിലുള്ള വ്യത്യാസം.

ഒരു സുഹൃത്തുണ്ടായിരിക്കെ മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായി എന്നത് കൊണ്ട് ആദ്യ സുഹൃത്തിനോട് ഉള്ള സ്‌നേഹത്തിന് കുറവ് വരുന്നില്ല. എന്നാല്‍, ലൈംഗികമായ പങ്കാളിത്തം രണ്ടാമതൊരു വ്യക്തിയിലേക്കു കൂടി സന്നിവേശിപ്പിക്കുന്നത് ഒരു ബേങ്ക് അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്ന് മറ്റൊരു ബേങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് പോലെയുള്ള ഏര്‍പ്പാടാണ്. ആദ്യ നിക്ഷേപത്തില്‍ കുറവു വരുത്താതെ രണ്ടാമത്തേതിലെ നിക്ഷേപം സാധ്യമല്ല. ഒരേസമയം, പതിനാറായിരത്തോളം പങ്കാളികളെ തൃപ്തിപ്പെടുത്താന്‍ നമ്മളാരും ഭഗവാന്‍ ശ്രീകൃഷ്ണന്മാരല്ലല്ലോ.

ഒന്നിലേറെ പേരെ ലൈംഗികമായി ആഴത്തില്‍ സ്‌നേഹിക്കാന്‍ ശ്രമിച്ചാല്‍ സ്‌നേഹം കൊണ്ട് സാധ്യമാകേണ്ട ആത്മവത്തയുടെ പുഷ്ടിപ്പെടലായിരിക്കില്ല. ആത്മനാശമായിരിക്കും ഫലം. ഇതിന്റെ അര്‍ഥം ഭാര്യക്കു പുരുഷ സുഹൃത്തുക്കളോ ഭര്‍ത്താവിന് സ്ത്രീ സുഹൃത്തുക്കളോ പാടില്ലെന്നല്ല. പക്ഷേ, അതൊരിക്കലും ലൈംഗികതയിലേക്ക് വഴുതിവീഴാന്‍ ഇടയാകരുത്. അങ്ങനെ സംഭവിക്കുന്നതും സഭവിച്ചേക്കുമോ എന്ന ആശങ്കയില്‍ ഇത്തരം സൗഹാര്‍ദ ബന്ധങ്ങളെ തടയാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വ്യഗ്രത കാണിക്കുന്നതും അവര്‍ക്കിടയിലുള്ള സുദൃഢമായ സ്‌നേഹബന്ധത്തിന്റെ അഭാവം നിമിത്തമാണ്. ‘രതി നിത്യം ഒരാള്‍ക്ക് ഒരാളിലായ് സ്ഥിതി ചെയ്യുകില്‍ സഖി പെണ്ണിനാണിനും അതിലും വലുതില്ല ഒരു വ്രതം’ എന്നു കുമാരനാശാന്റെ കഥാപാത്രം പറയുന്നതു വെറുതെയല്ല. ഇതൊക്കെ വെറും കാല്‍പനികമായ ആദര്‍ശങ്ങളല്ലേ, എത്രമാത്രം പ്രായോഗികമാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ക്ഷിപ്രസുഖാന്വേഷകരായ സാധാരണ മനുഷ്യരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍, പെട്ടെന്ന് പ്രയോഗസാധ്യതയില്ലാത്തതെങ്കില്‍ കൂടി ഇന്നല്ലെങ്കില്‍ നാളെ പ്രായോഗികമാകുമെന്ന് പ്രതീക്ഷിക്കുന്ന ചില ആദര്‍ശങ്ങള്‍ കൂടാതെ സംസ്‌കാരത്തിന് മുന്നോട്ട് പോകാനാവുകയില്ല.
സത്യവും സമാധാനവും ഒക്കെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ പെെട്ടന്ന് പ്രായോഗികമല്ല എന്നതിന്റെ പേരില്‍ ഇവയെല്ലാം പൂര്‍ണമായും പരിത്യജിച്ച്‌കൊണ്ട് മുന്നോട്ടു പോയാലുള്ള സ്ഥിതി എന്തായിരിക്കുമോ അതു തന്നെയാണ് ഇവിടെയും സംഭവിക്കുക.

ഭാവിയിലെങ്കിലും സാക്ഷാത്കരിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്ന ആദര്‍ശങ്ങളെ ബോധപൂര്‍വം സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴാണ് ജീവിതം അര്‍ഥവത്താകുന്നത്. ഈ സഞ്ചാരത്തില്‍ കാല്‍ വഴുതി വീണെന്നൊക്കെ വരാം. അതു നിമിത്തം മുന്നോട്ടുള്ള സഞ്ചാരത്തിന്റെ വഴികളത്രയും അടഞ്ഞു എന്ന് കണക്കാക്കേണ്ടതില്ല.
ലൈംഗികത വ്യക്തികളുടെ സ്വകാര്യമായ ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്, ഇക്കാര്യത്തില്‍ ബാഹ്യ ഏജന്‍സികളുടെ ഇടപെടലുകള്‍ക്ക് പ്രസക്തിയില്ല എന്നു തുടങ്ങിയ വാദങ്ങള്‍ക്ക് ശക്തി വര്‍ധിച്ചിട്ടുണ്ട്. വേശ്യാവൃത്തി തൊഴിലായി അംഗീകരിച്ചവരെ കുറ്റവിമുക്തരാക്കുക, സ്വവര്‍ഗ രതിക്കും അത് ലക്ഷ്യമാക്കിയുള്ള വിവാഹങ്ങള്‍ക്കും നിയമസാധുത നല്‍കുക എന്നിങ്ങനെയുള്ള ഒട്ടേറെ പുതിയ ആവശ്യങ്ങള്‍ പുരോഗമനത്തിന്റെ ലേബല്‍ പതിപ്പിച്ച് പല പുത്തന്‍ പ്രസ്ഥാനങ്ങളും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹം പോയി തുലയട്ടെ, വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണ് ഇവിടെ പ്രമാണമാകേണ്ടത് എന്ന് ശഠിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം വാദഗതികളെ കണ്ണും പൂട്ടി അനുകൂലിക്കാനാവൂ. വ്യക്തിയുടെ ലൈംഗിക ജീവിതത്തിന് കടിഞ്ഞാണിടുന്ന നിയമങ്ങള്‍ എല്ലാ കാലത്തും എല്ലാ സംസ്‌കാരങ്ങളിലും ഉണ്ടായിരുന്നതായി കാണാം. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയി എന്ന് അവകാശപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ഇക്കാര്യത്തില്‍ ഒട്ടേറെ നിയമങ്ങള്‍ നിലവിലുണ്ട്. നിയമങ്ങള്‍ ചിലപ്പോഴൊക്കെ ചില അസൗകര്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും മനുഷ്യന്റെ വളര്‍ച്ചക്ക് അവ പ്രയോജനകരമായിരുന്നിട്ടുണ്ട്. ലൈംഗികമായ പെരുമാറ്റത്തെ വ്യക്തികളുടെ സ്വച്ഛന്ദതീരുമാനത്തിന് മാത്രം വിട്ടാല്‍ സമൂഹികജീവിത്തില്‍ അത് അസൗകര്യങ്ങളും അലോസരങ്ങളും സൃഷ്ടിക്കും. നിയമങ്ങള്‍ ലക്ഷ്യമാക്കുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം നന്മയല്ല. പിന്നെയോ പൊതുജന നന്മയാണ്.

പൊതുജന നന്മയെ പറ്റിയുള്ള ധാരണകളില്‍ മാറ്റം വരണമെന്നത് മറ്റൊരു കാര്യമാണ്. ലൈംഗിക ജീവിതത്തെ പറ്റിയുള്ള പൊതുനന്മ അടങ്ങിയിരിക്കുന്നത് സമൂഹത്തിലെ ഓരോ വ്യക്തിക്കും സ്‌നേഹത്തെ അതിന്റെ പാരമ്യ അവസ്ഥയില്‍ സാക്ഷാത്കരിക്കാന്‍ കഴിയുക എന്നിടത്താണ്.
(അവസാനിച്ചു)
(കെ സി വര്‍ഗീസ്- 9446268581 )