ജിഷ വധക്കേസ് : രഹസ്യ വിചാരണ തുടങ്ങി; ആദ്യഘട്ടത്തില്‍ 21 പേരെ വിസ്തരിക്കും

Posted on: March 14, 2017 8:32 am | Last updated: March 13, 2017 at 11:34 pm

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രഹസ്യ വിചാരണ ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ കേസില്‍ രഹസ്യ വിചാരണ തുടങ്ങിയത്. കേസില്‍ വിചാരണാ നടപടികള്‍ തുടങ്ങുന്നതിന് മുന്നോടിയായി കേസ് പരിഗണിച്ചപ്പോഴാണ് രഹസ്യ വിചാരണ സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. നേരത്തെ കേസിന്റെ വിചാരണ നടന്നിരുന്ന കുറുപ്പംപടി കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. പട്ടികവര്‍ഗ പീഡന വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുള്ളതിനാലാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

കേസില്‍ രഹസ്യ വിചാരണ നടത്താമെന്ന കോടതിയുടെ നിര്‍ദേശം പ്രോസിക്യൂഷന്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിര്‍പ്പ് കോടതി അവഗണിച്ചു. 195 സാക്ഷികളുള്ള കേസില്‍ ആദ്യദിനം പ്രധാന സാക്ഷിയായ പഞ്ചായത്തംഗത്തെയാണ് വിസ്തരിച്ചത്. ഇന്ന് ജിഷയുടെ മാതാവ് രാജേശ്വരിയെ വിസ്തരിക്കും. 21 സാക്ഷികളുടെ വിസ്താരം നടക്കുന്ന ഏപ്രില്‍ അഞ്ച് വരെ നീളുന്ന ഒന്നാംഘട്ട വിചാരണയില്‍ ഓരോ ദിവസവും ഓരോ സാക്ഷികളെയായിരിക്കും വിസ്തരിക്കുക.
2016 ഏപ്രില്‍ 28നാണ് സംഭവം. കൂലിപ്പണിക്ക് പോയ ജിഷയുടെ അമ്മ രാജേശ്വരി രാത്രി ഏട്ട് മണിയോടെ തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കേസില്‍ അന്യസംസ്ഥാനക്കാരനായ അമീറുല്‍ ഇസ്‌ലാമിനെ അമീറുല്‍ ഇസ്‌ലാമാണ് അറസ്റ്റിലായത്. അമീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.