സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന ഖത്വരികളുടെ വിവരം കൈമാറണം

Posted on: March 13, 2017 10:12 pm | Last updated: March 13, 2017 at 9:40 pm

ദോഹ: സ്വകാര്യ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിയ ഖത്വരി രോഗികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ രാജ്യത്ത് നടപ്പാക്കിയിരുന്ന സ്വി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കാലയളവില്‍ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ പരിചരണം തേടിയ ഖത്വരി രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പടെ കൈമാറാനാണ് നിര്‍ദേശം.

രോഗികളിലെ ഏറ്റവും സാധാരണയായ ആരോഗ്യ പ്രശ്‌നമെന്താണെന്നതും അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്കും ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഖത്വരി രോഗികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ചില ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും പ്രാദേശിക അറബിപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുജനാരോഗ്യമന്ത്രാലയത്തിലെ ഫിനാന്‍സിംഗ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് വിഭാഗമാണ് സ്വകാര്യ ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടിയത്.