Connect with us

Gulf

സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് റാഫിന്റെ വക 82 ലക്ഷം റിയാലിന്റെ പാഠപുസ്തകങ്ങള്‍

Published

|

Last Updated

തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് റാഫ്
പാഠപുസ്തകം വിതരണം ചെയ്യുന്നു

ദോഹ: സംഘര്‍ഷ ഭൂമിയിലേക്ക് ജനിച്ചുവീണ് വിദ്യാഭ്യാസാവസരം നിഷേധിക്കപ്പെട്ട് തുര്‍ക്കിയില്‍ അഭയം തേടിയ സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് 82 ലക്ഷം ഖത്വര്‍ റിയാലിന്റെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമനിറ്റേറിയന്‍ സര്‍വീസസ് (റാഫ്). തുര്‍ക്കിയിലെ 22 ഗവര്‍ണറേറ്റില്‍ നടപ്പാക്കിയ പദ്ധതി 3.14 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടു. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി റാഫ് നടപ്പാക്കുന്ന വിശാല വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് റാഫ് ജനറല്‍ ഡയറക്ടറും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഐദ് ബിന്‍ ദബ്‌സാന്‍ അല്‍ ഖഹ്താനി പറഞ്ഞു.

ശൈഖ് താനി ബിന്‍ അബ്ദുല്ല അല്‍ താനിയുടെ ഫണ്ടില്‍ നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിച്ചത്. തുര്‍ക്കിയിലെ മതകാര്യ ഡയറക്ടറേറ്റ് മേധാവി മെഹ്മിത് ഗോര്‍മിസ് പരിപാടിയില്‍ പങ്കെടുത്തു. തുര്‍ക്കി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ തുര്‍ക്കി മതകാര്യ എന്‍ഡോവ്‌മെന്റുമായി ചേര്‍ന്ന് അവിടുത്തെ റാഫ് ഓഫീസാണ് പദ്ധതി നടപ്പാക്കിയത്. പ്രൈമറി, പ്രിപറേറ്ററി, സെക്കന്‍ഡറി തുടങ്ങി എല്ലാ ഗ്രേഡിലുമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളാണ് നല്‍കിയത്. അറബി ഭാഷ, സയന്‍സ്, ഗണിതം, കെമിസ്ട്രി, ഫിസിക്‌സ് അടക്കമുള്ള വിഷയങ്ങളുടെതാണ് പുസ്തകങ്ങള്‍. ക്ലാസ് ആരംഭിക്കുന്നതിന് മുമ്പായി പുസ്തകങ്ങള്‍ ലഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമായി. അറബി മാത്രമേ അറിയൂവെന്നതിനാല്‍ സിറിയന്‍ കുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ അനിവാര്യമായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 18.4 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ സിറിയന്‍ വിദ്യാര്‍ഥികള്‍ക്കായി 23 വിദ്യാഭ്യാസ പദ്ധതികളാണ് റാഫ് നടപ്പാക്കിയത്. ഭവനരഹിതരായി വിവിധ രാഷ്ട്രങ്ങളില്‍ അഭയം തേടിയ 4.13 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇത് അനുഗ്രഹമായി.