Connect with us

Gulf

ലോകോത്തര ഇസ്‌ലാമിക് സ്വര്‍ണ നാണയങ്ങള്‍ ഖത്വര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്

Published

|

Last Updated

ദോഹ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ആറ് ഇസ്‌ലാമിക സ്വര്‍ണനാണയങ്ങള്‍ ഖത്വര്‍ മ്യൂസിയത്തില്‍. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ നടന്നു വരുന്ന ന്യൂയോര്‍ക്ക് ടൈംസ് ആര്‍ട്ട് ഫോര്‍ ടുമോറോ കോണ്‍ഫറന്‍സിലാണ് ചരിത്രത്തിലാദ്യമായി ലോകത്തെ ഏറ്റവും ശ്രദ്ധേയയമായ ഇസ്‌ലാമിക സ്വര്‍ണ നാണയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മാസ്റ്റര്‍ പീസ് ഇന്‍ ഇസ്‌ലാമിക് കോയിനേജ് ഇന്‍ ദോഹ എന്ന ശീര്‍ഷകത്തില്‍ ഇസ്‌ലാമിക ലോകത്തെക്കുറിച്ചുള്ള അറിവും അടയാളങ്ങളും വ്യക്തമാക്കിക്കൊണ്ടാണ് പ്രദര്‍ശനം. ഇസ്‌ലാമിന്റെ ആദിമ കാലത്തിന്റെ സാക്ഷ്യങ്ങളാണ് ഈ നാണയങ്ങള്‍. പ്രവാചകന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിന്റെ ചരിത്രമാണ് നാണയങ്ങല്‍ പറയുന്നത്. വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായത്തിന്റെ ചരിത്രവും ഉള്‍കൊള്ളുന്നു. ഹിജ്‌റ 696ല്‍ ഖലീഫ അബ്ദുല്‍ മാലിക് ബിന്‍ മര്‍വാന്റെ കാലത്താണ് ആദ്യത്തെ സമ്പൂര്‍ണ ഇസ്‌ലാമിക നാണയം നിലവില്‍ വന്നതെന്നാണ് ചരിത്രം. ഇപ്പോഴും ചില രാജ്യങ്ങളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ദിനാറുകളുടെ ചരിത്രം കൂടിയാണിത്.

ഇതോടെ ഇസ്‌ലാമിക നാണയങ്ങളുടെ വലിയ ശേഖരമുള്ള രാജ്യമാവുകയാണ് ഖത്വര്‍. ലോകത്തെ മ്യൂസിയങ്ങളുടെ ചരിത്രത്തില്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത നാണയങ്ങളാണ് ഖത്വര്‍ മ്യൂസിയത്തിലെത്തുന്നത്. ഇസ്‌ലാമിക് നാഗരീകതയുടെ ശേഷിപ്പുകളും അടയാളങ്ങളും സംഘടിപ്പിക്കുന്നതില്‍ ഖത്വര്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് നുമിസ്മാറ്റിക ജെനിവെന്‍സിസ് സ്ഥാപകന്‍ ഡോ. അലൈന്‍ ബോറോണ്‍ പറഞ്ഞു.

ഇസ്‌ലാമിക സമൂഹത്തില്‍ പ്രധാന പങ്കുവഹിച്ച നാണയങ്ങളാണിവ. പ്രാചീന കാലത്തെ മനുഷ്യജീവിതങ്ങളുടെ ചരിത്രവും അടയാളങ്ങളും സമാഹരിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്ന ഖത്വര്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലാണിത്.