സിഎ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: March 13, 2017 11:07 am | Last updated: March 13, 2017 at 4:27 pm

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നേരത്തെ കേസ് പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ കേസെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. മിഷേലിന്റെ മരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അനൂപ് ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.