യാദവ ഭൂമിയില്‍ ‘മോദിലീല’

Posted on: March 12, 2017 12:33 am | Last updated: March 12, 2017 at 5:34 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ തൂക്കു സഭയെന്നായിരുന്നു എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്. ബി എസ് പി അപ്രതീക്ഷിതമായി കുതിച്ചുയരുമെന്ന് ചിലര്‍ വിലയിരുത്തി. എസ് പി- കോ ണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചവരാണ് ഏറെയും. തൂക്കുസഭ വന്നാല്‍ ബി എസ് പിയുമായി സഖ്യത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുകയും മായാവതി അത് നിഷേധിക്കുകയും ചെയ്തു.

എന്നാല്‍, ഒന്നുമുണ്ടായില്ല. ബി ജെ പി 324 സീറ്റ് നേടി ആധികാരിക വിജയം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാവി ഹോളി ആഘോഷിക്കുന്നു അവര്‍. ചിട്ടയായ പ്രവര്‍ത്തനവും മോദിയെ മാത്രം മുന്‍നിര്‍ത്തിയുള്ള പ്രചാരണവുമാണ് ബി ജെ പിയുടെ വിജയത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജാതി സമവാക്യത്തില്‍ അത് ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രാമുഖ്യം നല്‍കലാകും എന്ന് വിലയിരുത്തിയ ബി ജെ പി അങ്ങനെയൊരാളെ മുന്നില്‍ നിര്‍ത്തിയതേയില്ല. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപ്പോലും മത്‌സരിപ്പിക്കാതെ തങ്ങള്‍ മുന്നോട്ട് വെച്ച സന്ദേശം വ്യക്തമായി പ്രസരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. രാമജന്‍മഭൂമി, ശ്മശാന്‍- ഖബര്‍സ്ഥാന്‍, റമസാന്‍- ഹോളി പരാമര്‍ശങ്ങളും ഈ ദിശയില്‍ ഊര്‍ജം പകര്‍ന്നു. ഫലം ബി ജെ പി തരംഗം. നോട്ട് നിരോധമടക്കമുള്ള എല്ലാ കുറ്റാരോപണങ്ങള്‍ക്കും ദീര്‍ഘകാലത്തെ മറുപടിയായി ഉപയോഗിക്കാവുന്ന കൂറ്റന്‍ വിജയം.

ബി ജെ പി തരംഗത്തില്‍ എസ്പി കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. മായാവതിയുടെ ബി എസ് പിയും ബി ജെ പി തേരോട്ടത്തില്‍ അപ്രസക്തമായി. ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ 15 വര്‍ഷത്തെ ബിജെ പിയുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്.

ഉത്തര്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കണ്ടതെങ്കില്‍ പിന്നീടങ്ങോട്ട് ബി ജെ പിയുടെ മുന്നേറ്റമായിരുന്നു. എല്ലാ മേഖലയിലും ബി ജെ പി ആധിപത്യം വ്യക്തമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ നിയമസഭാ മണ്ഡലം ബി ജെ പി കൈയടക്കിയത് കോണ്‍ഗ്രസ് പതനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ജാതി സമവാക്യത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് പോകാന്‍ സാധിക്കില്ലെന്ന സന്ദേശമാണ് യു പി ഫലം നല്‍കുന്നത്. എസ് പി- കോണ്‍ഗ്രസ് സഖ്യം സ്വാഭാവികമായിരുന്നില്ല എന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. പല മണ്ഡലങ്ങളിലും സഖ്യത്തിന് പുറത്തായിരുന്നു മത്സരം.

യാദവ കുടുംബത്തിലെ തര്‍ക്കവും തോല്‍വിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സഖ്യം ആകെ നേടിയത് 54 സീറ്റാണ്. ബി എസ് പി 19ല്‍ ഒതുങ്ങി. കഴിഞ്ഞ നിയമസഭയില്‍ 224 സീറ്റാണ് എസ് പിക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 28 ഉം ബി എസ് പിക്ക് 80 ഉം സീറ്റുകള്‍ ഉണ്ടായിരുന്നു.
ബി എസ് പിയുടെ ശക്തികേന്ദ്രമായ ബുന്ദേഖണ്ഡില്‍ ബി ജെ പി വലിയ നേട്ടമുണ്ടാക്കി. എസ് പിയുടെ പരമ്പരാഗത ശക്തിയായ യാദവ വോട്ട് ബേങ്ക് നെടുകെ പിളര്‍ന്നു. ഒ ബി സി വോട്ടുകള്‍ക്കായി ബി ജെ പി ശ്രമിച്ചപ്പോള്‍ ബ്രാഹ്മണ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.