ഇറോം ഷര്‍മിളയ്ക്ക് കനത്ത തോല്‍വി; ആകെ ലഭിച്ചത് വെറും 85 വോട്ടുകള്‍

Posted on: March 11, 2017 12:06 pm | Last updated: March 12, 2017 at 12:52 am
ഇറോം ഷര്‍മിള

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ഷര്‍മിളക്ക് തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി. വെറും 85 വോട്ട്്് മാത്രമാണ് വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോം ഷര്‍മിളക്ക് ലഭിച്ചത്. നോട്ടയേക്കാള്‍ കുറവാണിത്. മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെ തൗബല്‍ മണ്ഡലത്തിലാണ് ഇറോം ജനവിധി തേടിയത്. ഇറോം തന്നെ രൂപം നല്‍കിയ പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാരിന്നു മത്സരം.

ഈ തിരഞ്ഞെടുപ്പില്‍ തോറ്റാലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരാജയം പ്രവചിച്ചപ്പോള്‍ ഇറോം ഷര്‍മിള പ്രതികരിച്ചത്. അധികാരവും പണവുമാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉപയോഗിച്ചതെന്ന ആരോപണവും ഇറോം ശര്‍മിള ഉന്നയിച്ചിരുന്നു. നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ പാര്‍ട്ടികള്‍ പണവുമായി സമീപിച്ചിരുന്നുവെന്ന് ഇറോം ആരോപിച്ചിരുന്നു.