വി എം സുധീരന്റെ പടിയിറക്കം: പിന്നില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം തന്നെ

Posted on: March 11, 2017 7:53 am | Last updated: March 10, 2017 at 11:55 pm

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നമെന്ന് പുറമേക്ക് പറയുമ്പോഴും വി എം സുധീരന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചത് ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍. അധികനാള്‍ പദവിയില്‍ തുടരാന്‍ കഴിയില്ലെന്ന ബോധ്യമാണ് ആരോഗ്യപ്രശ്‌നം അവസരമാക്കിയെടുക്കാന്‍ സുധീരനെ പ്രേരിപ്പിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ എ ഗ്രൂപ്പ് ഉറച്ചതും നേതാക്കളുടെ നിസ്സഹകരണവും സുധീരന് മുന്നിലെ മറ്റ് വഴികളടച്ചു. കെ പി സി സിയുടെ സാമ്പത്തിക സ്ഥിതി ഭദ്രമല്ലെന്ന യാഥാര്‍ഥ്യം തീരുമാനത്തിന് വേഗത കൂട്ടി. കോഴിക്കോട് വെച്ചുണ്ടായ വീഴ്ചയില്‍ പരുക്കേറ്റ സുധീരനോട് മൂന്ന് മാസമെങ്കിലും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. അനിവാര്യമെങ്കില്‍ വൈസ്പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് താത്കാലിക ചുമതല നല്‍കാമെന്ന് രമേശുമായി വ്യാഴാഴ്ച രാത്രി നടത്തിയ ആശയവിനിമയത്തില്‍ തീരുമാനിച്ചതുമാണ്. എന്നാല്‍, ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് പൊടുന്നനെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ഡി സി സി പ്രസിഡന്റ് നിയമനത്തോടെയാണ് എ ഗ്രൂപ്പ് വി എം സുധീരനെതിരായ നീക്കം ശക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ തന്നെ ഇടഞ്ഞ് നിന്ന എ ഗ്രൂപ്പിനെ ഡി സി സി പ്രസിഡന്റ് നിയമനം വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇന്ദിരാഭവനില്‍ കയറാതെയാണ് ഉമ്മന്‍ ചാണ്ടി ഇതിന് മറുപടി നല്‍കിയത്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ച ഉമ്മന്‍ ചാണ്ടി ഒടുവില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അല്‍പ്പം അയഞ്ഞത്. അപ്പോഴും പാര്‍ട്ടി നേതൃത്വവും എ ഗ്രൂപ്പും തമ്മിലുള്ള നിസ്സഹകരണം തുടര്‍ന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് രാഹുല്‍ ഉറപ്പും നല്‍കി. മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം അഴിച്ചുപണി നടക്കാനിടയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് സുധീരന്റെ രാജിയെന്ന് വ്യക്തം.

പാര്‍ട്ടിയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായതും മാറി നില്‍ക്കാന്‍ സുധീരനെ പ്രേരിപ്പിച്ചെന്നാണ് വിവരം. നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ച പാര്‍ട്ടി ഫണ്ടിലേക്കുള്ള വരുമാനത്തെയും ബാധിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണം അടക്കം പണച്ചെലവ് ഏറെയുള്ള പ്രവര്‍ത്തനങ്ങളാണ് വരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജയ്ഹിന്ദ് ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെക്കുകയാണ് സുധീരന്‍ ചെയ്തത്. വീക്ഷണം പത്രത്തിന്റെ സ്ഥിതിയും സമാനമാണ്. എ ഗ്രൂപ്പ് പൂര്‍ണമായി അകലം പാലിച്ചതോടെ സംസ്ഥാനതലത്തില്‍ പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യവും രൂപപ്പെട്ടു. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി എല്ലാ മാസവും രണ്ടാം ശനിയാഴച ചേരാന്‍ നിശ്ചയിച്ചെങ്കിലും രണ്ട് തവണയും മാറ്റിവെക്കേണ്ടി വന്നു.
രഹസ്യമായി ഐ ഗ്രൂപ്പും പരസ്യമായി എ ഗ്രൂപ്പും തനിക്കെതിരെ കരുനീക്കം കടുപ്പിക്കുന്നുവെന്ന് ബോധ്യം വന്നതോടെയാണ് ഈ പിന്‍മടക്കം. ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് കാരണമെന്ന് പുറമെ പറയുമ്പോഴും നേതാക്കളുടെ ‘ഞെട്ടലില്‍’ കാര്യങ്ങള്‍ വ്യക്തമാണ്. എ കെ ആന്റണിയുടെ വാക്കുകളില്‍ നിരാശ പ്രകടമാണെങ്കിലും കാത്തിരുന്ന തീരുമാനം പോലെയാണ് കേരള നേതാക്കളുടെ പ്രതികരണം. രാജി പിന്‍വലിക്കണമെന്ന ആവശ്യം ഒരാള്‍ പോലും പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല, രാജി വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞത് പോലും ചുരുക്കം ചിലര്‍ മാത്രം.
രാജി തീരുമാനത്തിലും പ്രഖ്യാപനത്തിലുമെല്ലാം അകല്‍ച്ച വ്യക്തമായിരുന്നു. വാര്‍ത്താസമ്മേളനത്തിന് മുമ്പ് കേരള നേതാക്കളില്‍ രമേശ് ചെന്നിത്തലയോട് മാത്രമാണ് വിവരം പറഞ്ഞത്. രാജി വെച്ചകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.