സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് പോലീസ് നേട്ടമുണ്ടാക്കുന്നു: വി എസ്‌

Posted on: March 10, 2017 11:52 pm | Last updated: March 10, 2017 at 11:52 pm

പാലക്കാട്: സംസ്ഥാനത്ത് പലയിടത്തുമുള്ള സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി എസ് പോലീസിനെതിരെ ആഞ്ഞടിച്ചത്. ഇത്തരം സംഭവങ്ങളില്‍ പലയിടങ്ങളിലും പോലീസിന്റെ കഴിവുകേട് പുറത്തുവന്നതാണ്.

വാളയാര്‍ കേസില്‍ പ്രതികളെ കണ്ടെത്തി ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചില്ല. മറിച്ച് കുറ്റവാളികളെ രക്ഷിക്കുന്ന നിലപാടായിരുന്നു. അതുകൊണ്ടുതന്നെ പോലീസിന് അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു. എന്നാല്‍ വാളയാര്‍ കേസില്‍ സി പി എം നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായി ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വി എസ് കൂട്ടിചേര്‍ത്തു.