ഡ്രൈവറില്ലാ വാഹനങ്ങള്‍ ഈ വര്‍ഷം ഖത്വര്‍ നിരത്തുകള്‍ കീഴടക്കും

Posted on: March 10, 2017 10:17 pm | Last updated: March 10, 2017 at 9:24 pm

ദോഹ: ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങള്‍ ഈ വര്‍ഷം ഖത്വറിന്റെ നിരത്ത് കീഴടക്കും. ഈ വര്‍ഷം അവസാനത്തോടെ മിസഈദ് വ്യവസായ നഗരിയിലാകും ഡ്രൈവറില്ലാ വാഹനത്തിന്റെ ആദ്യ വാണിജ്യ ഉദ്ഘാടനം. ഫ്രഞ്ച് കമ്പനിയായ നവ്യയും ദോഹ ആസ്ഥാനമാക്കിയുള്ള ഗ്രൂപ്പ് 8 ഹോള്‍ഡിംഗിന്റെ സ്മാര്‍ട് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

നൂറ് ശതമാനവും സ്വയം പ്രവര്‍ത്തിക്കുന്ന നവ്യ അര്‍മ എന്നറിയപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ പതിനഞ്ച് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് വേഗം.
ഹമദ് തുറമുഖം, ആസ്പയര്‍ സോണ്‍, വെസ്റ്റ് ബേ, ഖത്വര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അടുത്ത വര്‍ഷം മുതല്‍ നവ്യ അര്‍മ ലഭ്യമാകും. ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഗതാഗത വിവര സാങ്കേതിക പ്രദര്‍ശനമായ കിറ്റ്‌കോമിലാണ് ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ചത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 നവ്യ അര്‍മ വാഹനങ്ങല്‍ നിരത്തിലിറക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒമ്പത് മണിക്കൂറോളം വാഹനം പ്രവര്‍ത്തിക്കും. വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള കേന്ദ്രവും ഉടന്‍ ആരംഭിക്കും. നിരത്തിലിറക്കാനുള്ള അനുമതി ലഭിച്ച ശേഷമേ വാഹനത്തിന്റെ വില പ്രഖ്യാപിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
നിശ്ചിത പ്രദേശങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തി ഡ്രൈവറില്ലാ വാഹനം വിജയകരമായതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ വാഹനം നിരത്തിലിറങ്ങും.