Connect with us

Kannur

ഉപഭോക്താക്കള്‍ ഏറ്റെടുത്തു; 'ഊര്‍ജ്ജദൂത്' ക്ലിക്കായി

Published

|

Last Updated

കണ്ണൂര്‍: വിവരസാങ്കേതിക വിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും സഹായത്തോടെ വൈദ്യുതി വകുപ്പ് ആവിഷ്‌കരിച്ച നവീന സേവനങ്ങള്‍ ലക്ഷ്യം കാണുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സംരഭങ്ങളാണ് പ്രവര്‍ത്തനം തുടങ്ങി നാല് മാസത്തിനകം തന്നെ അറുപത് ശതമാനത്തോളം ഉപഭോക്താക്കളെങ്കിലും സജീവമായി ഉപയോഗിച്ചു തുടങ്ങിയത്. വൈദ്യുത വിതരണം തടസ്സപ്പെടുന്ന കാര്യം എസ് എം എസ് ആയി ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുകയും വാട്ട്‌സആപ്പ് വഴി പരാതി രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കാണ് ഉപഭോക്താക്കളെ കൈയിലെടുക്കാനായത്. കെ എസ് ഇ ബി ഓഫീസുകളിലേക്ക് വിളിച്ചാല്‍ പലപ്പോഴും ആരും ഫോണെടുക്കാറില്ലെന്നും പരാതി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ ശ്രമിക്കാറില്ലെന്നുമുള്ള പൊതു ജനത്തിന്റെ പതിവ് പരാതികള്‍ക്കാണ് പുതിയ സംവിധാനങ്ങള്‍ പരിഹാരമാകുന്നത്. ഊര്‍ജ്ജ ദൂത്, ഊര്‍ജ്ജ സൗഹൃദ് എന്നീ പദ്ധതികളാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണ പ്രദമെന്നു വിലയിരുത്തപ്പെടുന്നത്.

വൈദ്യുതി ലൈനിലും മറ്റും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ജോലികള്‍ ചെയ്യുമ്പോഴാണ് വൈദ്യുതി വിച്ഛേദിക്കുന്ന സമയ വിവരം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുക. അപ്രതീക്ഷിതമായി വൈദ്യുതി ലൈനില്‍ തകരാറുണ്ടായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍, എപ്പോഴാണ് വൈദ്യുതി വരികയെന്ന് മൊബൈല്‍ വഴി ഉടന്‍ സന്ദേശമെത്തും. ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് പോയി അപ്രതീക്ഷിതമായുണ്ടാകുന്ന വൈദ്യുതി തടസ്സം പോലുള്ള ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ക്ക് എസ് എം എസ് ലഭിക്കില്ലെന്നതൊഴിച്ചാല്‍ മറ്റ് ഏത് രീതിയില്‍ വൈദ്യുത തടസ്സമുണ്ടായാലും മുന്‍കൂട്ടി അറിയിക്കാന്‍ “ഊര്‍ജ്ജദൂതിന്”സംവിധാനമുണ്ട്.
വൈദ്യുതി ബില്‍ തുക, അവസാന തീയതി, ബില്‍ നമ്പര്‍ മുതലായവ എസ് എം എസ് ആയി ലഭിക്കുന്ന ഊര്‍ജ്ജ സൗഹൃദ് ആണ് മറ്റൊരു സേവനം. ബില്‍ അടക്കേണ്ടുന്ന തീയതിക്ക് മുമ്പ് മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇതോടൊപ്പം ഇമെയില്‍ വിലാസം കൂടി രജിസ്റ്റര്‍ ചെയ്താല്‍ ബില്‍ വിവരങ്ങള്‍ ഇമെയിലിലും ലഭിക്കും. വാട്ട്‌സ്ആപ് മുഖാന്തിരം പരാതി അപ്പപ്പോള്‍ അറിയിച്ച് പരിഹരിക്കാനുളള സംവിധാനവും ഇതോടൊപ്പമുണ്ട്. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പരിഹരിക്കുമ്പോഴും മൊബൈലില്‍ ഇക്കാര്യം എസ് എം എസായി നല്‍കും.1912 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ 9496001912 എന്ന വാട്ടസ്ആപ് നമ്പറിലോ പരാതി അയക്കാമെന്നാണ് കെ എസ് ഇ ബി അറിയിക്കുന്നത്. www.wss.kseb.in എന്ന വെബ്‌സൈറ്റുമായി ബന്ധപ്പെട്ടും ഫോണ്‍ നമ്പറുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാനും ബില്ലുകളും മറ്റും ഓണ്‍ലൈനായി അടക്കാനും സംവിധാനമുണ്ട്. നിത്യേന പരാതി പരിഹരിക്കാനായി നൂറുകണക്കിന് വാട്ട്‌സ്ആപ് മെസ്സേജുകളും മറ്റുമാണ് ലഭിക്കുന്നതെന്നും ഇത് പദ്ധതിയുടെ വിജയമാണ് കാണിക്കുന്നതെന്നും കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു.

 

Latest