വി.ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ ശശി എംഎല്‍എ

Posted on: March 9, 2017 8:09 pm | Last updated: March 9, 2017 at 8:09 pm

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് എംഎല്‍എ ആയ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ അപ്പപ്പോള്‍ കയ്യടിക്കു വേണ്ടി പോസ്റ്റ് ചെയ്യുന്ന സ്ഥിരതയില്ലാത്ത ചില അഭിപ്രായങ്ങളുടെയും സെല്‍ഫികളുടെയും താഴെ കിട്ടുന്ന ഏതാനും ലൈക്കുകള്‍ കേരള ജനതയുടെ പിന്തുണയാണെന്ന് തെറ്റിദ്ധരിച്ചിരിക്കയാണെന്ന് പികെ ശശി എംഎല്‍എ. മണ്ണില്‍ കാലുറപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം സദാസമയം ഇടപഴകി, തലയുയര്‍ത്തിപ്പിടിച്ച് സ്വാധീനം ഉറപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. അവരുടെ നേതാവാണ് സഖാവ് പിണറായി വിജയന്‍ എന്നത് ശ്രീമാന്‍ ബല്‍റാം ഇടക്കൊന്ന് ഓര്‍ക്കുന്നത് നന്നാവുമെന്നും പികെ ശശി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

കോണ്‍ഗ്രസ് എം എല്‍ എ യായ വി ടി ബല്‍റാം, മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ഇന്ന് നിയമസഭയില്‍ അങ്ങേയറ്റം അധിക്ഷേപകരമായ രൂപത്തില്‍ സംബോധന ചെയ്യുകയും ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണ്. ഫേസ്ബുക്കില്‍ അപ്പപ്പോള്‍ കയ്യടിക്കു വേണ്ടി പോസ്റ്റ് ചെയ്യുന്ന സ്ഥിരതയില്ലാത്ത ചില അഭിപ്രായങ്ങളുടെയും സെല്‍ഫികളുടെയും താഴെ കിട്ടുന്ന ഏതാനും ലൈക്കുകള്‍ കേരള ജനതയുടെ പിന്തുണയാണെന്ന് തെറ്റിദ്ധരിച്ചിരിക്കയാണ് ഈ പ്ലാസ്റ്റിക്ക് നേതൃപ്രതിരൂപമെന്ന് തോന്നുന്നു. മണ്ണില്‍ കാലുറപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം സദാസമയം ഇടപഴകി, തലയുയര്‍ത്തിപ്പിടിച്ച് സ്വാധീനം ഉറപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. അവരുടെ നേതാവാണ് സഖാവ് പിണറായി വിജയന്‍ എന്നത് ശ്രീമാന്‍ ബല്‍റാം ഇടക്കൊന്ന് ഓര്‍ക്കുന്നത് നന്ന്. ബല്‍റാമിന്റെയടക്കം ഒത്താശയോടെയും പങ്കാളിത്തത്തോടെയും നടന്നുവന്ന ഉമ്മന്‍ ചാണ്ടിയുടെ പകല്‍ക്കൊള്ളക്കെതിരായ വമ്പിച്ച ജനവികാരത്തിന്റെ ഉജ്വലപ്രതിഫലനമായിട്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്. അമ്പത്തൊമ്പതിലെ കുപ്രസിദ്ധമായ വിമോചന സമരത്തെ തുടര്‍ന്ന് സാക്ഷാല്‍ നെഹറു തന്നെ പിരിച്ചു വിട്ട കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്നെയും പലവട്ടം കേരളത്തില്‍ തിരിച്ച് അധികാരത്തിലേറി. അതു തന്നെയാണിപ്പോഴത്തെ ഇടതു സര്‍ക്കാരും. അതിനെ കോക്രി കാണിച്ചും തെറി വിളിച്ചും ഭീഷണിപ്പെടുത്താമെന്ന് പ്ലാസ്റ്റിക്/അമുല്‍ ബേബിമാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ആ മോഹം വീട്ടില്‍ തന്നെ വെച്ചിട്ട് പോരുന്നതാണ് നല്ലത് മോനെ. പിണറായിക്കു നേരെ ചൂണ്ടുന്ന വിരല്‍, കമ്യൂണിസ്റ്റ് പാര്‍ടിക്കും അതിനു പിന്നില്‍ അണിനിരന്നിട്ടിട്ടുള്ള കോടിക്കണക്കിന് ബഹുജനങ്ങള്‍ക്കും അവരുടെ ആശയാഭിലാഷമായ കേരള സര്‍ക്കാരിനുമെതിരായിട്ടുള്ളതാണ്.

ചൂണ്ടുന്ന അതേ വേഗത്തില്‍ പിന്‍വലിപ്പിക്കാന്‍ കഴിവുള്ള ജനവികാരം കേരളത്തില്‍ തിളച്ചുമറിയുന്നുണ്ടെന്നത് മറക്കേണ്ട.
പിന്നെ ഇപ്പോള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റുകളായ ശിവസേനയുടെ കാര്യവും ബല്‍റാം ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ഉജ്വല തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ മുതലാളിമാരുടെ കൈപ്പണം പറ്റി കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ ഉണ്ടാക്കിയെടുത്തതാണ് മുംബൈയിലെ ശിവസേന. ഇപ്പോള്‍ മഹാരാഷ്ട്ര യില്‍ അവര്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണു താനും. ബ്രണ്ണനില്‍ പഠിക്കണമെന്നില്ല ബലരാമാ, പത്രങ്ങളൊക്കെ കൂട്ടിവായിക്കുന്നത് ഭാവിക്ക് ഗുണം ചെയ്യും. ആശംസകള്‍…