ആകാശത്ത് ഉറങ്ങിപ്പറക്കാന്‍ ക്യു എയുടെ ബിസിനസ് സീറ്റുകള്‍

Posted on: March 9, 2017 7:45 pm | Last updated: March 9, 2017 at 7:22 pm

ദോഹ: രണ്ട് സീറ്റുകള്‍ ചേര്‍ത്ത് വച്ച് ഡബ്ള്‍ ബെഡാക്കി മാറ്റാവുന്ന ആദ്യ ബിസിനസ് ക്ലാസ് കാബിന്‍ ഖത്വര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചു. ഖത്വര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത ബിസിനസ് ക്ലാസ് സീറ്റുകളാണിവ.
നേരത്തേയുള്ള ബെര്‍ത്തിനേക്കാള്‍ കൂറേക്കൂടി ഫഌക്‌സിബിള്‍ ആയ ഈ ബെര്‍ത്തിലെ നാല് സീറ്റുകള്‍ പുനക്രമീകരിച്ചാല്‍ ഒരു മീറ്റിംഗ് റൂമാക്കി മാറ്റുകയും ചെയ്യാം. മാറ്റം വരുത്താവുന്ന സ്‌ക്രീനുകള്‍ കുടുംബങ്ങള്‍ക്ക് സ്വകാര്യ സ്യൂട്ടുകള്‍ ആക്കി മാറ്റാനും സാധിക്കും. ഐ ടി ബി ബെര്‍ലിന്‍

ട്രാവല്‍ ഷോയിലാണ് ഖത്വര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ബാകിര്‍ പുതിയ ബിസിനസ് ക്ലാസ് കാബിനുകള്‍ അവതരിപ്പിച്ചത്.
ഏതാനും സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ സീറ്റുകള്‍ ഡബിള്‍ ബെഡാക്കി മാറ്റാനാകും. മുഖാമുഖം ഇരുന്നു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രിയങ്കരമായിരിക്കും പുതിയ കാബിന്‍.
ഖത്വര്‍ എയര്‍വേയ്‌സിന്റെ ബോയിംഗ് സി ഒ 777 വൈഡ് ബോഡി ജെറ്റുകളിലാണ് പുതിയ സീറ്റുകള്‍ ഘടിപ്പിക്കുക. ജൂണ്‍ അവസാനത്തിലാണ് പുതിയ കാബിനുകളുള്ള വിമാനം പറന്നു തുടങ്ങുക.