തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമിതി രൂപവത്കരിക്കാന്‍ നിയമം

Posted on: March 9, 2017 7:25 pm | Last updated: March 9, 2017 at 7:12 pm

ദോഹ: രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുന്നതിന് തൊഴില്‍ തര്‍ക്ക പരിഹാര സമിതി രൂപവത്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൊഴില്‍ നിയമത്തില്‍ ഇതു സംബന്ധമായ ഭേദഗതി വരുത്തുന്ന നിര്‍ദേശം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി അധ്യക്ഷത വഹിച്ചു.

2004ലെ തൊഴില്‍ നിയമം 14ാം നമ്പര്‍ വ്യവസ്ഥയും 1990ലെ തൊഴില്‍ നിയമത്തിലെ 13ാം നമ്പര്‍ വ്യവസ്ഥയുമായ സിവില്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ കോഡ് ഓഫ് പ്രൊസീജര്‍ എന്നതിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ശിപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും നിയമ നടപടികള്‍ ലളിതമാക്കുകയും ചെയ്യുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഭരണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതി എന്ന പേരില്‍ ഇതിനായി ഒന്നോ അധിലധികമോ കമ്മിറ്റികള്‍ രൂപവത്കരിക്കാനാണു തീരുമാനം.

പ്രാഥമിക കോടതിയിലെ ഒരു ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും കമ്മിറ്റി. സുപ്രിം ജുഡീഷ്യല്‍ കൗണ്‍സിലാണ് ഈ ജഡ്ജിയെ തിരഞ്ഞെടുക്കുക. മന്ത്രി നാമനിര്‍ദേശം ചെയ്യുന്ന മറ്റു രണ്ടുപേരും സമിതിയില്‍ ഉണ്ടാകും. ഇതില്‍ ഒരാള്‍ അക്കൗണ്ടിംഗ് രംഗത്ത് പരിചയമുള്ളയാളായിരിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നു. കമ്മിറ്റി പിന്തുടരേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും തീരുമാനമെടുക്കേണ്ട രീതികളും മന്ത്രിതല സമിതി തീരുമാനിക്കും. സമിതിയുടെ ഓഫിസ് എവിടെയായിരിക്കണമെന്ന് തൊഴില്‍ മന്ത്രിയാണ് തീരുമാനമെടുക്കുക. സമിതിയുടെ സെക്രട്ടറിയേറ്റിലേക്ക് മന്ത്രാലയത്തില്‍ നിന്നുള്ള ഒന്നോ അതിലധികമോ ജീവനക്കാരെ നിയോഗിക്കാമെന്നും നിര്‍ദേശിക്കുന്നു. ഈ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമോ തൊഴില്‍ കരാര്‍ പ്രകാരമോ ഉയര്‍ന്നു വരുന്ന എല്ലാ അപേക്ഷകളിലെയും തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള നിയമപരമായ അധികാരം കമ്മിറ്റിക്കുണ്ടാവും. അപേക്ഷ സമര്‍പ്പിച്ച് മൂന്നാഴ്ചക്കകം സമിതി തീരുമാനമെടുത്തിരിക്കണം. കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്വതന്ത്രമായിരിക്കും. അതിന് മുകളില്‍ നിയമത്തിനല്ലാതെ മറ്റാര്‍ക്കും ഇടപെടാന്‍ അനുവാദമുണ്ടായിരിക്കില്ല. സമിതിയുടെ തീരുമാനം എത്രയും വേഗത്തില്‍ നടപ്പിലാക്കേണ്ടതും അത് റദ്ദാക്കാനുള്ള അധികാരം അപ്പീല്‍ കോടതിക്കു മാത്രവുമായിരിക്കുമെന്നും കരട് നിയമത്തില്‍ പറയുന്നു.