ദമ്മാമില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സംവിധാനം

Posted on: March 9, 2017 5:30 pm | Last updated: March 9, 2017 at 5:23 pm
SHARE

ദമ്മാം:ദമ്മാം കിങ് ഫഹദ് എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി ലെഗേജുകള്‍ സിറ്റി ചെക്ക് ഇന്‍ കൗണ്ടര്‍ മുഖേന ദമ്മാമില്‍ വെച്ച് അയക്കുകയും ബോര്‍ഡിംഗ് പാസ് എടുക്കുകയും ചെയ്യാനുള്ള സംവിധാനം വരുന്നു. ഞാറാഴ്ച മുതലാണ് ഈ സേവനം ആരംഭിക്കുകയെന്ന് ജനറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്ത് അന്താരാഷ്ട്ര സേവനങ്ങള്‍ക്ക് ഇത് ആദ്യമായാണ് ഇത്തരം സംവിധാനമെന്ന് അതോറിറ്റി പറഞ്ഞു. എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും ഒഴിവാക്കാനും കഴിയും.

നിലവില്‍ പൊതു ഗതാഗത കോര്‍പറേഷനു കീഴിലെ സാപ്‌കോ ബസ് ടെര്‍മിനലില്‍ ആയിരിക്കും സിറ്റി ചെക്ക് ഇന്‍ സംവിധാനം പ്രവര്‍ത്തിക്കുക. പ്രാഥമികമായി രാവിലെ 8മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന 4 കൗണ്ടറുകള്‍ സംവിധാനിക്കും. യാത്രക്ക് മുമ്പ് 24 മണിക്കൂറിനുള്ളില്‍ ലെഗേജ് പരിശോധനക്കുള്ള അവസരം ലഭിക്കും. യാത്രയുടെ 6 മണിക്കൂറ് മുമ്പ് പരിശോധന പൂര്‍ത്തീകരിച്ചിരിക്കണമെന്നതാണ് നിബന്ധന. ഈജിപ്ത് എയര്‍, ജെറ്റ് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, പാകിസ്താന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ്, സഊദി ഗള്‍ഫ് എന്നീ ആറ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സേവനം ലഭ്യമാകുക. കൂടുതല്‍ വിമാനക്കമ്പനികള്‍ ഈ രംഗത്തേക്ക് വരുമെന്ന് എയര്‍പ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു. സിറ്റി കൗണ്ടറുകളില്‍ പരിശോധനക്ക് വിധേയമാക്കിയ ലെഗേജുകള്‍ എയര്‍പോര്‍ട്ടില്‍ വീണ്ടും സ്‌ക്രീന്‍ ചെയ്യും.

ലെഗേജിനു പുറത്ത് യാത്രക്കാരെ ബന്ധപ്പെടാനുള്ള നമ്പര്‍ എഴുതുവാനും അധികൃതര്‍ ആവശ്യപ്പെട്ടു. വയിറ്റിംഗ് ലിസ്റ്റില്‍ പെട്ടതോ സ്റ്റാന്റ് ബൈ ആയതോ ആയ യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. അധിക ബാഗേജിനുള്ള സര്‍ചാര്‍ജ് അടക്കേണ്ടതും സിറ്റി കൗണ്ടറില്‍ ആണ്. യാത്രക്കാരുടെ ബാഗേജിന് ആവശ്യമായ സുരക്ഷയും സൂക്ഷിപ്പും നല്‍കും. സിസിടിവി യുടെ സഹായത്തോടെ സഊദിയ ഗ്രൗണ്ട് സര്‍വീസ് ട്രക്ക് ഉപയോഗപ്പെടുത്തിയാകും ബാഗേജ് ലോഡ് ചെയ്യുക. എല്ലാ ട്രക്കിലും സുരക്ഷാ സീല്‍ വെക്കും. എയര്‍പ്പോര്‍ട്ടില്‍ സുരക്ഷാ പരിശോധനക്ക് ശേഷമാവും അതാത് വിമാനങ്ങളിലേക്ക് അയക്കുക. നാലു ഭാഗത്തു നിന്നും വേഗത്തില്‍ എയര്‍പ്പ്‌പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവുന്ന കേന്ദ്രങ്ങളിലാവും സിറ്റി കൗണ്ടര്‍ സംവിധാനിക്കുക. ദമ്മാമില്‍ നിന്ന് 40 കിലോമീറ്ററും അല്‍ ഖോബാറില്‍ നിന്ന് 65 കിലോമീറ്ററും ദൂരമാണ് എയര്‍പോര്‍ട്ടിലേക്ക് ഉള്ളത്. ദമ്മാം സിറ്റി കൗണ്ടര്‍ ആണ് നിലവില്‍ തുടങ്ങുന്നതെങ്കിലും വൈകാതെ ജുബെയില്‍ അല്‍ഹസ്സ തുടങ്ങിയ പട്ടണങ്ങളിലും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ജുബെയിലില്‍ നിന്ന് 110 കി.മി.യും അല്‍ ഹസ്സയില്‍ നിന്ന് 130 കി.മി. യും ഉണ്ട് ദമ്മാം എയര്‍പോര്‍ട്ടിലേക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here