Connect with us

Gulf

അടച്ചുപൂട്ടിയ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തില്‍

Published

|

Last Updated

ഷാര്‍ജയില്‍ ജോലി നഷ്ടപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍

ഷാര്‍ജ: അടച്ചുപൂട്ടിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ശമ്പളവും ഭക്ഷണവും ലഭിക്കാതെ കടുത്ത ദുരിതത്തില്‍. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ വലയുന്ന മലയാളികളടക്കമുള്ള ജീവനക്കാര്‍ ദൈനംദിന ജീവിതം തള്ളിനീക്കുന്നത് കനിവുള്ളവരുടെ സഹായഹസ്തത്തില്‍.

കഴിഞ്ഞ ദിവസങ്ങളിലാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഓരോന്നായി അടച്ചുപൂട്ടിയത്. മലയാളിയുടേതാണ് സ്ഥാപനങ്ങള്‍. നല്ല നിലയിലായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. ഉടമസ്ഥന്‍ ഇപ്പോള്‍ സ്ഥലത്തില്ല.
45ഓളം ജീവനക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. നാല് സ്ഥാപനങ്ങളിലായി എട്ട് ഫിലിപ്പൈന്‍ സ്വദേശിനികളും ജീവനക്കാരായുണ്ട്. ശേഷിക്കുന്നവരില്‍ അധികവും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിഫലമാവുകയായിരുന്നുവത്രെ. ഇതേതുടര്‍ന്ന് ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. പ്രശ്‌നം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഏറ്റെടുത്തതായും പരിഹാരമുണ്ടാക്കുമെന്ന് അറിയിച്ചതായും ജീവനക്കാര്‍ പറഞ്ഞു.

ശമ്പളം ലഭിക്കാതെയായതോടെ നിത്യചെലവിന് പോലും ഗതിയില്ലാതെ വിഷമിക്കുന്ന ഇവര്‍ക്ക് ചില പ്രവാസി സംഘടനകളാണിപ്പോള്‍ ഭക്ഷണവും മറ്റും നല്‍കുന്നത്. ഇത് എത്ര നാളുണ്ടാകുമെന്ന് ഇവര്‍ക്ക് നിശ്ചയമില്ല. വൈകാതെ താമസ സൗകര്യവും നഷ്ടപ്പെടുമെന്ന് ജീവനക്കാര്‍ പറയുന്നു. കമ്പനിയുടെ സ്ഥലത്താണ് എല്ലാവരും താമസിക്കുന്നത്. കെട്ടിട വാടക ഇനിയും നല്‍കിയിട്ടില്ലെന്നും വൈദ്യുതി ഇതിനകം വിച്ഛേദിച്ചതായും ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 15 വരെയാണത്രെ വാടക നല്‍കാന്‍ കെട്ടിട ഉടമ അനുവദിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയാല്‍ കുടിയൊഴിപ്പിക്കുമെന്നും ഇതോടെ തങ്ങള്‍ പെരുവഴിയിലാകുമെന്നും ജീവനക്കാര്‍ ആശങ്കപ്പെടുന്നു.
അതേസമയം പല ജീവനക്കാരുടെയും വിസയുടെ കാലാവധി അവസാനിച്ച് നാളുകള്‍ പിന്നിട്ടതായും പുതുക്കാത്തതിനാല്‍ എന്ത് സംഭവിക്കുമെന്നറിയാത്ത അവസ്ഥയിലാണ് പലരും.

 

Latest