പാര്‍ലിമെന്റ് ബജറ്റ് സമ്മേളനം രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

Posted on: March 9, 2017 9:45 am | Last updated: March 9, 2017 at 12:35 am

ന്യൂഡല്‍ഹി; പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ ഇന്ന് ആരംഭിക്കും. ജി എസ് ടി അടക്കമുള്ള പ്രധാന ബില്ലുകള്‍ പാസ്സാക്കുന്നതിനായായിരിക്കും ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുക. ജി എസ് ടി അടുത്ത ജൂണില്‍ തന്നെ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിന് ബില്ല് പാസ്സാക്കിയെടുക്കേണ്ടതുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാറുകളും ബില്ല് പാസ്സാക്കുന്നതിന് പാര്‍ലിമെന്റില്‍ ബില്ല് പാസ്സാക്കിയെടുക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ജി എസ് ടി കൗണ്‍സിലില്‍ ജി എസ് ടി നയമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ സമവായത്തിലെത്തിയിരുന്നു. ഈ പാര്‍ലിമെന്റ് സെഷനില്‍ ബില്ല് മേശപ്പുറത്ത് വെക്കുമെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്‌ലി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, പാര്‍ലിമെന്റില്‍ കള്ളനോട്ട്, നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയില്‍ ചര്‍ച്ച വേണമെന്നാവശ്യമായിരിക്കും പ്രതിപക്ഷകക്ഷികള്‍ ഉന്നയിക്കുക. കെ വി തോമസ് അധ്യക്ഷനായുള്ള പാര്‍ലിമെന്ററി പാനല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ സ്വധീനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ചര്‍ച്ചവേണമെന്ന ആവശ്യമായിരിക്കും പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുക. കൂടാതെ നോട്ട് നിരോധനത്തിന് പിന്നാലെ രണ്ടായിരം രൂപയുടെ കള്ളപ്പണങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും പ്രതിപക്ഷ കക്ഷികള്‍ ഉന്നിയിക്കുമെന്നാണ് അറിയുന്നത്. അതേസമയം, ലകനോവില്‍ നടന്ന ഏറ്റമുട്ടല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളായിരിക്കും കേന്ദ്രം സ്വീകരിക്കുകയെന്നാണ് അറിയുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തുമെന്ന് അദ്ദേഹത്തിന്റ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ബജറ്റ് സെഷന്റെ ആദ്യ സമ്മേളനത്തില്‍ ഇ അഹ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസയം, ഈ സമ്മേളനത്തിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ മറപടി നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ആവശ്യപ്പെട്ടേക്കും.
കൂടാതെ പശ്ചിമഘട്ട സംരക്ഷണവുമായി ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്‌നങ്ങളും കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് അറിയുന്നത്.
കസ്തൂരിംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഇറക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ നേരത്തെ സംസ്ഥാനത്ത് നിന്നുള്ള എം പിമാര്‍ രംഗത്തെത്തിയിരുന്നു.