Connect with us

National

'പഞ്ചാങ്കം' പൂര്‍ത്തിയായി; ഫലം 11ന്‌

Published

|

Last Updated

മണിപ്പൂരിലെ ബൂത്തിന് മുന്നില്‍ ഇറോം ശര്‍മിള തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ വിസിലൂതുന്നു

ലക്‌നോ/ഇംഫാല്‍: യു പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ചയാണ് ഫലം വരുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴാം ഘട്ടവും മണിപ്പൂരില്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെയാണ് “പഞ്ചാങ്ക”ത്തിന് വിരാമമാകുന്നത്. സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച യു പിയിലെ ആലാപൂരില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ഉത്തരാഖണ്ഡില്‍ മാറ്റിവെച്ച ഒരു മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. യു പിയില്‍ ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന 40 സീറ്റുകളിലേക്ക് 60. 03 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ നിയമസഭാ സീറ്റുകളാണ് ഇന്നലെ പോളിംഗ് നടന്നവയില്‍ പ്രധാനം. ഇവിടെ തീപ്പാറും പോരാട്ടമാണ് നടന്നത്. നരേന്ദ്ര മോദി, അമിത് ഷാ, യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി എസ് പി അധ്യക്ഷ മായാവതി തുടങ്ങി നേതാക്കളുടെ നീണ്ട നിര തന്നെ ഇവിടെ റോഡ് ഷോയടക്കമുള്ള പ്രചാരണ പരിപാടികളില്‍ സംബന്ധിച്ചിരുന്നു.

കനത്ത സുരക്ഷാ വലയത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജോന്‍പൂരിലെ പോളിംഗ് ബൂത്തിലേക്ക് വണ്ടിയില്‍ വോട്ടര്‍മാരെ കൊണ്ടുവന്നുവെന്ന പരാതിയില്‍ ജാഫറാബാദില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥി ഹരീന്ദ്ര പ്രതാപ് സിംഗ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. നക്‌സല്‍ ശക്തി കേന്ദ്രങ്ങളായ ദുദ്ധി, റോബര്‍ട്‌സ്ഗഞ്ച്, ചാകിയ എന്നിവിടങ്ങളില്‍ പോളിംഗ് നാല് മണി വരെയായിരുന്നു.
മറ്റിടങ്ങളില്‍ അഞ്ച് മണിക്കാണ് പോളിംഗ് അവസാനിച്ചത്. 51 വനിതകള്‍ അടക്കം 585 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എസ് പി 31 സീറ്റിലും സഖ്യ കക്ഷിയായ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിച്ചു. ബി ജെ പി 32 സീറ്റില്‍ മത്സരിച്ചപ്പോള്‍ ബാക്കി വരുന്ന എട്ട് സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്ക് നല്‍കി. വരാണസി കന്റോണ്‍മെന്റ് സീറ്റിലാണ് ഏറ്റവും കൂടിയ സ്ഥാനാര്‍ഥികള്‍- 24. ഏറ്റവും കുറഞ്ഞ സ്ഥാനാര്‍ഥികള്‍ കേരക്കാട്ട് മണ്ഡലത്തിലാണ്- ആറ്.
മണിപ്പൂര്‍ നിയമസഭയിലേക്ക് രണ്ടാമത്തെതും അവസാനത്തെതുമായ ഘട്ടം തിരഞ്ഞെടുപ്പില്‍ 86ശതമാനമാണ് പോളിംഗ്. പ്രജാ പാര്‍ട്ടി നേതാവായ ഇറോം ശര്‍മിളയും മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗും തമ്മില്‍ മത്സരിക്കുന്ന തൗബാല്‍ ഉള്‍പ്പെടെ 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

ഈ മാസം നാലിന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 38 മണ്ഡലങ്ങളാണ് ജനവിധി തേടിയത്. തംലോംഗ് നിയമസഭാ മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഉടനടി ഇടപെട്ടതോടെ സ്ഥിതി നിയന്ത്രണവിധേയമായി. ചന്ദേല്‍ മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനാല്‍ അല്‍പ്പ സമയം പോളിംഗ് തടസ്സപ്പെട്ടു. ഖംഗബോക് നിയമസഭാ മണ്ഡലത്തിലെ ബൂത്തിലാണ് മുഖ്യമന്ത്രി ഇബോബി സിംഗ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ മുഖ്യമന്ത്രിയുടെ മകന്‍ ഒക്രാം സുര്‍ജ കുമാര്‍ ആണ് തന്റെ കന്നിയങ്കത്തില്‍ മത്സരിക്കുന്നത്.
സംസ്ഥാനത്തിന്റെ താഴ്‌വാര ജില്ലകളായ ഉഖ്‌റൂല്‍, ചന്ദെല്‍, തമെംഗ്‌ലോംഗ്, സേനാപതി എന്നിവിടങ്ങളിലെ മണ്ഡലങ്ങളില്‍ നിന്നായി 98 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്.

 

Latest