തട്ടമിട്ട വനിതാ ജനപ്രതിനിധികള്‍ക്ക് ‘സ്വച്ഛ് ശക്തി’ക്യാമ്പില്‍ വിലക്ക്; വിവാദം

Posted on: March 9, 2017 12:40 am | Last updated: March 9, 2017 at 12:24 am

അഹ്മദാബാദ്: ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തില്‍ സംഘടിപ്പിച്ച ‘സ്വച്ഛ് ശക്തി’ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ മലയാളി വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ തട്ടമിടുന്നതിനെ വിലക്കിയത് വിവാദമായി. വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാന്‍ സൈതലവി, കാസര്‍കോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൗസിയ എന്നിവര്‍ക്കാണ് വനിതാ ദിനത്തില്‍ ദുരനുഭവമുണ്ടായത്.

തട്ടമിടുന്നത് കൊണ്ട് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അകത്തേക്ക് കയറ്റി വിടാന്‍ കഴിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. മതാചാരപ്രകാരമുള്ള വസ്ത്രമാണെന്നും അതിനാല്‍ തട്ടം മാറ്റാന്‍ കഴിയില്ലെന്നും ഇവര്‍ ധരിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. തങ്ങളെ മറ്റ് പ്രതിനിധികള്‍ക്കിടയില്‍ വെച്ച് ചോദ്യം ചെയ്യുകയും ഇതിന് ശേഷം പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തുവെന്ന് കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു. ടോയ്‌ലെറ്റിലേക്ക് പോലും സെക്യൂരിറ്റി ഗാര്‍ഡുകളോട് ചോദിച്ചതിന് ശേഷം മാത്രം പോകേണ്ട ഗതികേടാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.
കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 6,000 വനിതാ പ്രതിനിധികള്‍ പങ്കെടുത്ത വനിതാ ദിനാഘോഷ വേദിയിലേക്ക് 115 പേരടങ്ങുന്ന വനിതാ സംഘമാണ് കേരളത്തില്‍ നിന്ന് എത്തിയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് അഞ്ച് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ക്ക് ക്ഷണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ അഹ്മദാബാദിലേക്കെത്തിയത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം കേരളത്തില്‍ നിന്നുള്ള കോ- ഓര്‍ഡിനേറ്ററോട് പരാതിപ്പെട്ടതിന് ശേഷം വിഷയം സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും എസ് പി ക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് തട്ടം ധരിച്ച് അകത്ത് കടക്കാന്‍ അനുമതി നല്‍കിയത്. ശഹര്‍ബാന്റെ അഴിച്ചു മാറ്റിയ തട്ടം ഒരു മണിക്കൂറിന് ശേഷം വിളിച്ചുവരുത്തി തിരിച്ചു നല്‍കുകയായിരുന്നു. തട്ടമൊഴിവാക്കാന്‍ വിസമ്മതിച്ച ഷാഹിനക്കും ഫൗസിയക്കും ഒരു മണിക്കൂറിന് ശേഷം തട്ടമിട്ട് കൊണ്ട് തന്നെ ‘സ്വച്ഛ് ശക്തി’ ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതിയും നല്‍കി. തങ്ങളെ ക്ഷണിച്ചു വരുത്തി അപമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരണമെന്നും പ്രസിഡന്റുമാര്‍ പറഞ്ഞു.

അന്തര്‍ദേശീയ വനിതാദിന പരിപാടിയില്‍ തന്നെ അവഹേളിപ്പിക്കപ്പെട്ടത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഷഹര്‍ബാന്‍ പറഞ്ഞു. മറ്റ് പ്രസിഡന്റുമാരെല്ലാം നിഷ്പ്രയാസം യോഗത്തിലേക്ക് കടന്നപ്പോള്‍ തങ്ങള്‍ക്ക് മാത്രം പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.