Connect with us

Gulf

വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷിക്കാന്‍ തീരങ്ങളില്‍ ഡ്രോണുകളുടെ കാവല്‍

Published

|

Last Updated

ദോഹ: ബീച്ചുകളില്‍ ഉല്ലാസത്തിനിടെ അപകടത്തില്‍ പെടുന്നവര്‍ക്ക് രക്ഷകരായി 24 മണിക്കൂറും കാവലിരിക്കാന്‍ ഡ്രോണുകള്‍. ഖത്വര്‍ സംരംഭമായ എന്‍ ഗോണ്‍ കമ്പനിയുമായി ചേര്‍ന്ന് ഉരീദുവാണ് രക്ഷാ ഡ്രോണുകള്‍ അവതരിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയമുള്‍പ്പെടെ ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതി ലഭിച്ചാല്‍ രാജ്യത്ത് കൂടുതല്‍ സന്ദര്‍ശകരെത്തുന്ന മുപ്പതോളം ബീച്ചുകളിലും കോര്‍ണിഷികളിലും ഡ്രോണുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കൂടാതെ സന്ദര്‍ശകര്‍ക്ക് വൈ ഫൈ സേവനവും ഡ്രോണ്‍ നല്‍കും.

തീരത്ത് സ്ഥാപിക്കുന്ന ഡ്രോണുകളുടെ ക്യാമറകള്‍ മുഴുവന്‍ സമയവും മിഴി തുറന്നിരിക്കും. രാത്രിയില്‍ കിലോമീറ്ററുകള്‍ ദൂരത്തേക്ക് കാണാന്‍ കഴിയുന്ന ഡ്രോണുകളുടെ കാമറക്കണ്ണില്‍ കടലില്‍ ആരെങ്കിലും അപകടത്തില്‍ പെട്ടതായി പതിഞ്ഞാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ലൈഫ് ജാക്കറ്റുമായി അപകടത്തില്‍ പെട്ടയാളുടെ അടുത്ത് പറന്നെത്തുകയും ചെയ്യും. ഡ്രോണ്‍ നല്‍കുന്ന വിവരമനുസരിച്ച് മറ്റു രക്ഷാ സംവിധാനങ്ങള്‍ക്കും അപടകത്തില്‍ പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ സാധിക്കും. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ അതിര്‍ത്തി സുരക്ഷക്കും മയക്കു മരുന്ന് ഉള്‍പ്പെടെ കള്ളക്കടത്ത് തടയുന്നതിനും ഉപയോഗിക്കാനാകുമെന്നും ഇതു സംബന്ധിച്ചെല്ലാം മന്ത്രാലയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും എന്‍ ഗോണ്‍ സി ഇ ഒ അമര്‍ അബ്ദില്‍ ഹാദി പറഞ്ഞു. ഖത്വര്‍ കമ്പനിയായ എന്‍ ഗോണ്‍ അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ അവതരിപ്പിക്കുമെന്നും ഡ്രോണുകള്‍ ഉപയോഗിച്ച് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest