ഇങ്ങനെയും പറയാം, കാശ്‌ലെസ് ഖജനാവ്! മാര്‍ച്ചിലെ കാശ്‌ലെസ് ഖജനാവ്

Posted on: March 8, 2017 6:00 am | Last updated: March 8, 2017 at 12:22 am

മാര്‍ച്ച് മാസത്തിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്നത്. സര്‍വതോന്മുഖമായ വികസനം. വിദ്യാഭ്യാസ രംഗം ഇങ്ങനെ. പാഠങ്ങള്‍ എടുത്തു തീര്‍ക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍. രണ്ടും മൂന്നും പിരീഡുകള്‍ നീളുന്നു ഒരാളുടെ പഠനപ്രവര്‍ത്തനം. കുട്ടികളുടെ അറിവ് വികസിപ്പിക്കാനാണ് ഇത്തരം പെടാപ്പാട്. ചിലര്‍ മറ്റധ്യാപകരോട് പിരീഡ് കടം വാങ്ങിയും കാര്യം സാധിക്കുന്നു.

മാര്‍ച്ചായി, ബി ആര്‍ സിക്കാര്‍ പലതരത്തിലുള്ള പദ്ധതികളുമായി മാര്‍ച്ച് തുടങ്ങുന്നു. ഫണ്ട് കണ്ടമാനമുണ്ട്. ഇനി ഏതാനും ദിവസങ്ങളെയുള്ളൂ. വരുന്നു, മലയാളത്തിളക്കം. അക്ഷരമറിയാത്തവരെ എഴുതാനും വായിക്കാനും പഠിപ്പിക്കാനാണിത്. പിന്നാലെ വരുന്നു, ഹലോ, ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനുള്ള പദ്ധതി.
അടുത്തത്, ഗണിതോത്സവം, പിന്നെ ശാസ്‌ത്രോത്സവം. കുട്ടികള്‍ കുഴയുന്നു, അധ്യാപകര്‍ കുഴഞ്ഞു മറിയുന്നു. സമ്മര്‍ വേക്കേഷനായി പൂട്ടാന്‍ ഒരുങ്ങുമ്പോഴാണ് ബി ആര്‍ സിക്കാരുടെ ഫണ്ട് തീര്‍ക്കാനുള്ള പൊടിക്കൈകള്‍. ഇതിനായി കുറെ സാധനസാമഗ്രികള്‍ വാങ്ങണം. കമ്മീഷനും വരും പോക്കറ്റുകളില്‍. ഇതുവരെ ഇവര്‍ എവിടെ പോയെന്ന് ചോദിക്കരുത്. ഇപ്പോഴേ ഇതിനൊക്കെ നേരം കിട്ടിയുള്ളൂ എന്ന് വിചാരിച്ചാല്‍ മതി. ചോദ്യമിതാണ്, കതിരിന് വളം വെച്ചിട്ട് കാര്യമുണ്ടോ?

പഞ്ചായത്തിലേക്ക് പോയാലോ? ഇതുവരെയായി പദ്ധതിയുടെ നാലിലൊന്നേ പൂര്‍ത്തിയായിട്ടുള്ളൂ. ചിലത് പണിപ്പുരയിലാണ്. ഇനിയും കിടക്കുന്നു പദ്ധതികളും ഫണ്ടും. പഞ്ചായത്തുകാര്‍ നെട്ടോട്ടമാണ്. മാസാവസാനം തീര്‍ത്തില്ലെങ്കില്‍ ഫണ്ട് പാഴാകും. റോഡ് നിര്‍മാണം, സോളിങ്, ടാറിങ്, കുളം നിര്‍മാണം… രാപ്പകലില്ലാതെ പണിയാണ്. ഗുണമൊന്നും നോട്ടമില്ല. മാര്‍ച്ച് കഴിഞ്ഞാല്‍ ടാര്‍ പൊളിഞ്ഞാലും പ്രശ്‌നമില്ല. റോഡ് തകര്‍ന്നാലും ഇല്ല പ്രശ്‌നം. കുളം കുളമായാലെന്ത്? എങ്ങനെയെങ്കിലും പണം തീരണം. വികസനം പറന്നു നടക്കുന്നെന്ന് നാട്ടുകാരെ കാണിക്കണം. അത്രയേയുള്ളൂ. നേതാവിന് ഞെളിയണം.
ചിലര്‍ ബജറ്റ് ചോര്‍ന്നതിനെ പറ്റിയാണ് വ്യാകുലപ്പെടുന്നത്. അതിലും വലിയ ഖജനാവ് തന്നെ ചോരുന്ന കാലമാണിത്. മാര്‍ച്ചില്‍ പണം പുറത്തേക്ക് മാര്‍ച്ച് ചെയ്യുന്നു. കരാറുകാര്‍ക്ക് നല്‍കേണ്ട കോടികള്‍, വിരമിക്കുന്ന ജീവനക്കാര്‍ക്ക് നല്‍കേണ്ട കോടികള്‍, മറ്റ് അല്ലറ ചില്ലറ ചെലവുകള്‍…കുത്തൊഴുക്കാണ്. ഖജനാവ് കാലിയാകുന്നു. ശരിക്കും പറഞ്ഞാല്‍ ക്യാഷ്‌ലെസ് ആകുന്നു.