Connect with us

Gulf

സമുദായത്തിന്റെ പൊതുമനസ്സാണ് ലീഗ്: ഇ ടി മുഹമ്മദ് ബഷീര്‍

Published

|

Last Updated

ദോഹ: മുസ്‌ലിം സമുദായത്തിന്റെ പൊതു മനസും നാവുമാണ് മുസ്‌ലിം ലീഗെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കെ എം സി സി മലപ്പുറം ജില്ല പ്രതനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനീതിക്കെതിരെ പ്രതികരിക്കുന്നതില്‍ രാഷ്ട്രീയമായ ജയപരാജയങ്ങള്‍ ലീഗ് പരിഗണിക്കാറില്ല. ന്യൂനപക്ഷങ്ങളുടേയും പിന്നോക്ക വിഭാഗത്തിന്റെയും വ്യാപകമായ ഐക്യനിര ഉയര്‍ന്ന് വരണം. ഇതിനായി കേരളത്തിന് പുറത്തും മുസ്‌ലിം ദളിത് വിഭാഗങ്ങളുടെ പുരോഗതിക്കായി ദേശീയ കമ്മിറ്റി മുന്നോട്ടു പോവുകയാണ്. പൗരന്‍മാരുടെ കയ്യിലെ മൂര്‍ച്ചയേറിയ ആയുധം ബാലറ്റ് പേപ്പറാണെന്ന തിരിച്ചറിവാണ് കേരള മുസ്‌ലിംകള്‍ മറ്റുള്ളവരെ പഠിപ്പിച്ചത്.

ഫാസിസം ഭീകരരൂപം പ്രാപിച്ച് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍പോലും വിഷലിപ്തമായ അജന്‍ഡകള്‍ നടപ്പിലാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നു. ഇത് തിരിച്ചറിയാതെ വൈകാരികമായി പ്രതികരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് അപകടകരമാണ്. വൈകാരികതകളെ പ്രോല്‍സാഹിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
റാഷിദ് ഗസ്സാലി കൂളിവയല്‍ ക്ലാസെടുത്തു. രായിന്‍കുട്ടി നീറാട് രചിച്ച കേരള രാഷ്ട്രീയവും മുസ്‌ലിം ലീഗും എന്ന പുസ്തകം മസ്‌കര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എം ഡി മൂസ കുറുങ്ങോടിന് നല്‍കി ഇ ടി പ്രകാശനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം ലീഗ് പ്രസിഡന്റ് പി എസ് എച്ച് തങ്ങളെ ചടങ്ങില്‍ ആദരിച്ചു. കെ എം സി സി സംസ്ഥാന ജന. സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഭാരവാഹികളായ സി വി ഖാലിദ്, സലീം നാലകത്ത്, ഉപദേശക സമിതി അംഗങ്ങളായ ഡോ. വണ്ടൂര്‍ അബൂബക്കര്‍, എടയാടി ബാവ ഹാജി, വി ഇസ്മായില്‍ ഹാജി, പി പി അബ്ദുര്‍റഷീദ്, സവാദ് വെളിയംകോട്, കെ മുഹമ്മദ് ഈസ, അലി മൊറയൂര്‍, കുഞ്ഞിമോന്‍ ക്ലാരി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, എന്‍ ടി ബഷീര്‍ ചേലേമ്പ്ര, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, സക്കീര്‍ ഹുസൈന്‍ കൊടക്കല്‍ സംബന്ധച്ചു.

 

Latest