കരിപ്പൂരിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കരു നീക്കുന്നു: ആര്യാടന്‍

Posted on: March 4, 2017 12:19 pm | Last updated: March 4, 2017 at 10:19 am

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിന് തിരിച്ചുനല്‍കുക, കുള്ളാര്‍ കമ്പനിക്കു കീഴിലെ തൊഴിലാളികളെ എ ഐ എ ടി എസ് എല്ലിനു കീഴില്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ്് കമ്മിറ്റി നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപ്പൂരിലെ മുടങ്ങിയ സര്‍വീസുകളെ തിരിച്ചു കൊണ്ടുവരാതെയും പുതിയ സര്‍വീസുകള്‍ക്കും ഹജ്ജ് സര്‍വീസിനും അനുമതി നല്‍കാതെയും കേന്ദ്രം വിമാനത്താവളത്തെ തകര്‍ക്കുകയാണ്.

ഇതിനെതിരെ മലബാറിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആര്യാടന്‍ പറഞ്ഞു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. വി എ കരീം, പി ഇഫ്തിഖാറുദ്ദീന്‍, പി രോഹില്‍നാഥ്, ഫാത്വിമ റോഷ്‌ന, ഇ റസാഖ്, സി എം പ്രജീഷ്‌കുമാര്‍ സംസാരിച്ചു.