ഭവനരഹിതര്‍ക്ക് ഫഌറ്റുകള്‍

Posted on: March 4, 2017 9:00 am | Last updated: March 3, 2017 at 11:45 pm

തിരുവനന്തപുരം: ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഫഌറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക്. ഇവ കേവലം പാര്‍പ്പിട സമുച്ചയങ്ങള്‍ മാത്രമായിരിക്കുകയില്ല. ഉപജീവനസുരക്ഷയ്ക്കും വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യപരിരക്ഷയ്ക്കും മറ്റും വേണ്ടിയുള്ള ഇടപെടലുകള്‍ സമുച്ചയ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുന്‍കാലപദ്ധതികളില്‍ പണം അനുവദിച്ചവരില്‍ വീട് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരെ സഹായിക്കാന്‍ പ്രത്യേക സ്‌കീം ഉണ്ടാകും. ഗുണഭോക്താക്കളുടെ സമഗ്രമായ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ വിവരശേഖരണസര്‍വേയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജനറല്‍ വിഭാഗത്തിന് 3 ലക്ഷം രൂപയും എസ് സി, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് 3.5 ലക്ഷം രൂപയും ആയിരിക്കും ധന സഹായം. ഈ തുകയ്ക്ക് തീര്‍ക്കാവുന്ന വീടുകളുടെ വ്യത്യസ്ത പ്ലാനുകളില്‍നിന്നു ഗുണഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പട്ടികവര്‍ഗ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് അവരുടെ അംഗസംഖ്യകൂടി കണക്കിലെടുത്ത് വീടിന്റെ വലുപ്പവും രൂപവും ചെലവും നിശ്ചയിക്കാന്‍ അനുവാദം നല്‍കും. സാമൂഹിക പ്രതിബദ്ധതയുള്ള ഏജന്‍സികള്‍ മുഖേന പട്ടികവര്‍ഗക്കാര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കീമുകളെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ സംയോജിപ്പിക്കും. കേന്ദ്രാവിഷ്‌കൃത സ്‌കീമുകളുടെ ധനസഹായം, ഭവനനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ പലിശയ്ക്കുള്ള വായ്പ, സംഭാവന, സി എസ് ആര്‍ ഫണ്ട്, വാണിജ്യവായ്പ തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചു കൊണ്ടായിരിക്കും ആവശ്യമായ പണം സമാഹരിക്കുക. മൊത്തം 16,000 കോടി രൂപയെങ്കിലും ഇതിന് അഞ്ച് വര്‍ഷംകൊണ്ട് ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നു.