ബജറ്റില്‍ നിറഞ്ഞത് എം ടിയുടെ വാക്കും കഥയും

Posted on: March 4, 2017 8:41 am | Last updated: March 3, 2017 at 11:43 pm

തിരുവനന്തപുരം: എം ടിക്ക് ആദരമര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പൂര്‍ണ ബജറ്റ്. സാമ്പത്തിക വിദഗ്ധന്‍ എന്നതിനൊപ്പം നല്ലൊരു സാഹിത്യപ്രേമി കൂടിയാണ് ധനമന്ത്രി തോമസ് ഐസക് എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്. 2017ല്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു ബജറ്റെങ്കില്‍ ഇത്തവണ ബജറ്റിലുടനീളം എം ടിയുടെ കൃതികളും വരികളുമാണ് നിഴലിച്ചത്.

എം ടിയുടെ രചനകളില്‍ കാണാവുന്ന കേരളീയ ജീവിതത്തിന്റെ പരിണാമചരിത്രമാണ് ധനമന്ത്രി ബജറ്റിന് അടിസ്ഥാനമാക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. നോട്ടുനിരോധനം തുഗ്ലക്ക് പരിഷ്‌കാരമാണെന്ന എം ടിയുടെ പ്രസ്താവനയെ സൂചിപ്പിച്ചാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. ബജറ്റില്‍ ഉടനീളം വിവിധ വിഷയങ്ങള്‍ക്കുള്ള ആമുഖമായി എം ടിയുടെ കൃതികളിലെ വരികള്‍ അദ്ദേഹം ഉദ്ധരിച്ചു. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ് തുടങ്ങിയ നോവലുകളും വളര്‍ത്തുമൃഗങ്ങള്‍, ഭീരു, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചെറുകഥകളും പരാമര്‍ശവിധേയമായി.

എം ടിയുടെ ജനനകാലം മുതല്‍ കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് കേരളത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗത്തുണ്ടായ പരിണാമത്തെ തോമസ് ഐസക് വിവരിച്ചത്. നാലുകെട്ടിലെ അപ്പുണ്ണിയുടെ സ്വപ്‌നം പോലെയാണ് കേരളം വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ടത് എന്ന് അദ്ദേഹം പരാമര്‍ശിച്ചു. നാലുകെട്ടിന്റെ തകര്‍ച്ചയും ഫ്യൂഡല്‍ വ്യവസ്ഥയില്‍നിന്നുള്ള പരിണാമവും കടന്ന് ഇന്ന് പുതിയ സ്വപ്‌നങ്ങളിലാണ് കേരളത്തിലെ യുവജനങ്ങള്‍ എത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ ഉദാഹരിച്ചത് നാലുകെട്ടിലെ വേനല്‍ ദൃശ്യങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ്. പാര്‍പ്പിട പദ്ധതികളുടെ ആമുഖമായി നാലുകെട്ടില്‍ ആമിനുമ്മ വീടിനെക്കുറിച്ചു പറയുന്ന സ്വപ്‌നവും ധനമന്ത്രി ഉദ്ധരിക്കുന്നു. കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പറയാന്‍ മഞ്ഞിലെ നൈനിറ്റാള്‍ തടാകം ഉദാഹരിച്ചപ്പോള്‍, കുട്ട്യേടത്തിയും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ആശ്രയമില്ലാത്ത മനുഷ്യര്‍ക്കുള്ള ഉദാഹരണങ്ങളായി. കേരളത്തിലെ റേഷന്‍ പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ചത് നാലുകെട്ടിലെ വലിയമ്മാമയെ ഉദാഹരിച്ചുകൊണ്ടാണ്. പത്തായത്തിലെ നെല്ല് വിട്ടുകൊടുക്കാന്‍ മനസില്ലാത്ത വലിയമ്മാമയെപ്പോലെയാണ് കേന്ദ്രം റേഷന്റെ കാര്യത്തില്‍ പെരുമാറുന്നത്. ഇതാണ് കേരളത്തിലെ റേഷന്‍ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീസുരക്ഷ സംബന്ധിച്ച സമീപകാല പ്രശ്‌നങ്ങളെ ധനമന്ത്രി അവതരിപ്പിച്ചത് കുരുവംശത്തിലെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ വൈഷമ്യം കണ്ടു രസിച്ചവരാണ് എന്ന, രണ്ടാമൂഴത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടാണ്.