Connect with us

Editorial

പ്രതീക്ഷിക്കാം...

Published

|

Last Updated

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ബജറ്റെന്ന അവകാശവാദത്തോടെയാണ് 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. സാമ്പത്തിക മേഖലയിലെ സ്ഥിതി ആശാവഹമല്ലെങ്കിലും വികസനത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആരോഗ്യ, അടിസ്ഥാന വികസന, സ്ത്രീക്ഷേമ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് ക്ഷേമ പെന്‍ഷനുകള്‍ ചുരുങ്ങിയത് 1100 രൂപയാക്കുന്നത് ഉള്‍പ്പെടെ ക്ഷേമകാര്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനുമാണ് ആരോഗ്യ മേഖലയില്‍ മുന്‍ഗണന. ഡോക്ടര്‍മാരുടെ 1350 ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ 5210 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെയും വരള്‍ച്ചാ കെടുതികളെയും നേരിടാന്‍ 2106 കോടി, പിന്നാക്ക വിഭാഗക്കാരുടെ പുരോഗതിക്ക് 2600 കോടി, പാര്‍പ്പിട പദ്ധതിക്ക് 16,000 കോടി എന്നിങ്ങനെ മറ്റു മേഖലകളിലും നിരവധി പദ്ധതികള്‍ ബജറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
കേരളത്തിന്റ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 12.37 ശതമാനം വര്‍ധിച്ച് 1.76 ലക്ഷം കോടിയിലെത്തി. റവന്യൂ ചെലവുകളും വലിയ തോതില്‍ വര്‍ധിക്കുകയാണ്. റവന്യൂ ചെലവിന്റെ സിംഹഭാഗവും പദ്ധതിയേതര ചെലവുകള്‍ക്കാണ് വിനിയോഗിക്കുന്നത്. 2015-16ല്‍ ആകെ റവന്യൂ വരുമാനമായ 78,989.47 കോടിയില്‍ 66,610.97 കോടിയും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയുള്‍പ്പെടുന്ന പദ്ധതിയേതര ചെലവുകള്‍ക്കായാണ് വിനിയോഗിച്ചത്. പദ്ധതി ചെലവിനായി ഉപയോഗിച്ചത് 12,078.50 കോടി മാത്രമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും സംസ്ഥാനത്തിന്റെ സമ്പദ് ഘടനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം നിക്ഷേപത്തിലും കയറ്റുമതിയിലും വന്‍ ഇടിവാണ് ഉണ്ടായത്. സംസ്ഥാനം അനുഭവിക്കുന്ന ഈ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു ബജറ്റ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക എറെ ശ്രമകരമാണ്.

പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലേറെ അവ സമയബന്ധിതമായി നടപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത്. 2016-17ല്‍ പ്രഖ്യാപിച്ച 30,354 കോടിയുടെ വാര്‍ഷിക പദ്ധതികളില്‍ ഈ വര്‍ഷം ജനുവരി 10 വരെയുളള കണക്കനുസരിച്ചു 36 ശതമാനം മാത്രമാണ് ചെലവിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 5,600 കോടിയില്‍ വിനിയോഗിച്ചത് 18 ശതമാനവും. അവശേഷിക്കുന്ന രണ്ടര മാസത്തിനിടയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര വേഗം വര്‍ധിപ്പിച്ചാലും 50 ശതമാനത്തിലെങ്കിലും എത്തിക്കാനാകില്ല. ഈ സര്‍ക്കാറിന്റെ മാത്രം പ്രശ്‌നമല്ല ഇത്. മുന്‍വര്‍ഷങ്ങളിലെല്ലാം ഇതാണ് അവസ്ഥ. പദ്ധതിയേതര ചെലവുകള്‍ കുത്തനെ ഉയരുമ്പോള്‍ പദ്ധതിവിഹിത വിനിയോഗം പകുതിയില്‍ പോലുമെത്തുന്നില്ല. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനൊരു പ്രധാന കാരണമിതാണ്.

അടിസ്ഥാന സൗകര്യ മേഖലയിലെ വികസന പദ്ധതികള്‍ ഇത്തവണയും സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ധനകാര്യസ്ഥാപനമായ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്)വഴിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര വരുമാനത്തിന്റെ മുന്ന് ശതമാനത്തിലേറെ വായ്പയെടുക്കുവാന്‍ അനുവാദമില്ലാതിരിക്കുകയും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ തുക അപര്യാപ്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബേങ്കുകളില്‍ നിന്നും പൊതുമേഖലയിലെ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബോണ്ട് വഴി തുകകള്‍ സമാഹരിച്ചു വികസന പദ്ധതികള്‍ക്ക് തുക കണ്ടെത്തുന്നതിന് “കിഫ്ബി”ക്ക് രൂപം നല്‍കിയത്. കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളെ മറികടന്നു വായ്പയിലൂടെ കൂടുതല്‍ പണം സ്വരൂപിക്കാനുള്ള ഈ പദ്ധതിയിലും തിരിച്ചടവിന് അമാന്തം വന്നാല്‍ സര്‍ക്കാറിന്റെ കടഭാരം പിന്നെയും വര്‍ധിക്കാനിടയാക്കും.

അതേസമയം, സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ സര്‍ക്കാറിന് കടമെടുക്കാതെ നിര്‍വാഹവുമില്ല. നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുക വഴി റവന്യൂ കമ്മി ക്രമേണ കുറച്ചു കൊണ്ടു വരികയാണ് ഇതിന് പരിഹാരം. വരുമാനം പ്രതിവര്‍ഷം 20-25 ശതമാനം വര്‍ധിപ്പിച്ചു റവന്യൂ കമ്മി അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കലാണ് തോമസ് ഐസക്കിന്റെ ലക്ഷ്യം. ഇത് സാധ്യമായാല്‍ വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവിനായി മാറ്റിവെക്കാനും അതിലൊരു ഭാഗം കിഫ്ബി സമാഹരിക്കുന്ന ബോണ്ടുകളുടെ ബാധ്യത തീര്‍ക്കുന്നതിന് വിനിയോഗിക്കാനുമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ അനുഭവപ്പെടുന്ന വര്‍ധന ഈ പ്രതീക്ഷക്ക് കരുത്തേകുന്നുണ്ട്. ഇതോടൊപ്പം പദ്ധതിയേതര ചെലവില്‍ അനുഭവപ്പെടുന്ന ക്രമാതീതമായ വര്‍ധന നിയന്ത്രിക്കാനും ശക്തമായ നടപടികള്‍ ആവശ്യമാണ്.

Latest