Connect with us

International

സിറിയയിലും ഇസിലിന് തിരിച്ചടി

Published

|

Last Updated

ദമസ്‌കസ്: ഇറാഖിലെ മൊസൂളിന് പിന്നാലെ സിറിയയിലും ഇസിലിന് തിരിച്ചടി. പുരാതന നഗരമായ പാല്‍മിറ ഇസില്‍ തീവ്രവാദികളില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു. റഷ്യന്‍ വ്യോമസേനയുടെയും ഇറാന്‍ സൈന്യത്തിന്റെയും സംയുക്ത മുന്നേറ്റത്തിലൂടെയാണ് പല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരരെ തുരത്താന്‍ സിറിയക്ക് സാധിച്ചത്.

വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇസില്‍ പാല്‍മിറ പിടിച്ചെടുത്തത്. സഖ്യ സേനകളുടെ സഹായത്തോടെയും റഷ്യയുടെ വ്യോമ പിന്തുണയോടെയും പാല്‍മിറ തിരിച്ചുപിടിച്ചതായി സൈനിക വക്താക്കള്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരരെ സൈന്യം തുരത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരരെ തുരത്തിയിരുന്നു. പിന്നീട് ഡിസംബറില്‍ വീണ്ടും ഇവര്‍ തിരിച്ചെത്തുകയായിരുന്നു. പാല്‍മിറയിലെ അമൂല്യമായ നിരവധി പൈതൃക പ്രദേശങ്ങള്‍ പൂര്‍ണമായും തകര്‍ത്താണ് ഇസില്‍ തീവ്രവാദികള്‍ പാല്‍മിറയില്‍ വിളയാട്ടം നടത്തിയത്. ഇസില്‍ കൈയേറിയ ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളില്‍ നിന്ന് പൈതൃക ഭൂമികള്‍ പൂര്‍ണമായും തകര്‍ത്തിരുന്നു.

പാല്‍മിറയിലെ ഇസില്‍ ശക്തി കേന്ദ്രങ്ങളിലേക്ക് ഇറാന്‍, സിറിയന്‍ സൈന്യം മുന്നേറ്റം നടത്തുന്നതായും ഇസില്‍ ഭീകരരെ പൂര്‍ണമായും മുക്തമാക്കിയതായും ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനാ വക്താക്കള്‍ അറിയിച്ചു. സിറിയയില്‍ ബശര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ ആറ് വര്‍ഷം മുമ്പ് ആരംഭിച്ച വിമത പ്രക്ഷോഭത്തിന് ശേഷമാണ് ഇസില്‍ തീവ്രവാദികള്‍ സിറിയയില്‍ ശക്തിപ്രാപിക്കുന്നത്. വിമത പ്രക്ഷോഭത്തിന്റെ മറവിലായിരുന്നു ഇസിലിന്റെ വളര്‍ച്ച. സിറിയയിലെ മുസ്‌ലിം പുണ്യ കേന്ദ്രങ്ങളിലും പൈതൃക ഭൂമികളിലും ആക്രമണം നടത്തിയായിരുന്നു ഇസിലിന്റെ തുടക്കം.
അലെപ്പോയിലെ കിഴക്കന്‍ മേഖലയിലെ ഇസില്‍ കേന്ദ്രങ്ങളിലും സിറിയന്‍ സൈന്യം മുന്നേറ്റം ആരംഭിച്ചിട്ടുണ്ട്. ഇസിലിന്റെ വടക്കന്‍ സിറിയയിലെ ശക്തി കേന്ദ്രങ്ങളില്‍ യു എസ്, തുര്‍ക്കി, കുര്‍ദ്, വിമത സൈന്യത്തിന്റെ നേതൃത്വത്തിലും ശക്തമായ ആക്രമണം നടക്കുന്നുണ്ട്.

ഇറാഖിലെ മൊസൂളിലെ ശക്തി കേന്ദ്രങ്ങള്‍ കൂടി നഷ്ടമാകുന്നതോടെ ഇസിലിന് വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇസിലില്‍ ചേര്‍ന്ന അനറബികളായ തീവ്രവാദികളോട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞ ദിവസം തീവ്രവാദി നേതാവ് അല്‍ ബഗ്ദാദി ആവശ്യപ്പെട്ടിരുന്നു. മൊസൂളില്‍ വെച്ച് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു ബഗ്ദാദിയുടെ ഈ ആവശ്യം.

Latest