കേരളം ക്രിമിനലുകളുടെ നാടാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ടി സിദ്ദീഖ്‌

Posted on: March 3, 2017 8:30 pm | Last updated: March 3, 2017 at 8:30 pm
ടി സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. കെ കെ ഉസ്മാന്‍,
സി വി ബാലകൃഷ്ണന്‍, സിദ്ദീഖ് പുറായില്‍ സമീപം

ദോഹ: ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള കേരളത്തെ ക്രിമിനലുകളുടെ സ്വന്തം നാടാക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാറും ശ്രമിക്കുന്നതെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്. ഇന്‍കാസ് കോഴിക്കോട് ജില്ലാ ഏകദിന പ്രവര്‍ത്തക ക്യാപില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഒമ്പതു മാസം കൊണ്ട് ഒന്നേ മുക്കാല്‍ ലക്ഷം ക്രിമിനല്‍ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 1860 ക്രിമിനലുകളെ തടവറയില്‍ നിന്ന് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഗവര്‍ണര്‍ തിരിച്ചയച്ച പട്ടിക ഇനിയും സമര്‍പ്പിക്കാന്‍ ശ്രമം നടത്തുമെന്നു സംശയിക്കുന്നു. കൊടി സുനിമാരും പള്‍സര്‍ സുനിമാരും ഭരണകൂട ക്രിമിനല്‍ ബന്ധത്തിന്റെ ഉദാഹരണങ്ങളാണ്.

ഇരകളോടൊപ്പം നില്‍ക്കേണ്ട മുഖ്യമന്ത്രി വേട്ടക്കാരോടൊപ്പം ഓടുകയും ശയിക്കുകയുമാണ്. ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് പിണറായി സന്ദര്‍ശിക്കാത്തതും വടക്കാഞ്ചേരി പെണ്‍വാണിഭ കേസിലെ ഇരയെ കാണാനോ കേള്‍ക്കാനോ തയ്യാറാവാത്തതും ലോ അക്കാദമി സമരം നടത്തിയ പെണ്‍കുട്ടികള്‍ കാണാന്‍ അവസരം ചോദിച്ചിട്ടും നല്‍കാത്തതും ഇതിനു തെളിവുകളാണ്. കഴിഞ്ഞ ഒമ്പതു മാസം കൊണ്ട് കേരളം സമ്പൂര്‍ണ അരക്ഷിതാവസ്ഥയിലേക്കു നീങ്ങിയിരിക്കുന്നു. ജയ അരിയുടെ വില ഇക്കാലയളവില്‍ 12 രൂപയാണ് കൂടിയത്. എഫ് സി ടി ഗോഡൗണിലെ അട്ടിക്കൂലി തര്‍ക്കം പരിഹരിക്കാന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്.
അതിരപ്പള്ളി പദ്ധതിയെ ഒരു കാരണവശാലും കോണ്‍ഗ്രസ് പിന്തുണക്കില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ പവര്‍ മാഫിയയാണ് വമ്പന്‍ ജലവൈദ്യുത പദ്ധതികള്‍ക്കു വേണ്ടി വാദിക്കുന്നത്. അഴിമതി മാത്രമാണ് ഇതിനു പിന്നിലുള്ള താത്പര്യം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് നേരിടും. പ്രകൃതിയുമായി സമരസപ്പെടുന്ന നയം സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മുഴുവന്‍ പാര്‍ട്ടികള്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്. അതില്‍ നിന്ന് ഒരു തിരിച്ചു വരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭീകരമായ വരള്‍ച്ചയിലേക്കു നീങ്ങുമ്പോഴും സര്‍ക്കാര്‍ അതിനെ നേരിടാന്‍ ഇതുവരെ ഒരു ഒരുക്കവും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒറ്റക്കെട്ടായി പ്രതിപക്ഷത്തെ സജീവമായി നയിച്ചു വരികയാണ്. പ്രതിപക്ഷം ദുര്‍ബലമാണെന്ന കെ മുരളീധരന്റെ വിലയിരുത്തലില്‍ നിന്നും സാഹചര്യം മാറിയെന്നതിന്റെ തെളിവാണ് ലോ അക്കാദമി സമരത്തില്‍ അദ്ദേഹം തന്നെ നത്തിയ നിരാഹാരം. കെ പി സി സില്‍ നേതൃമാറ്റം ആവശ്യമുണ്ടോ എന്ന് അഭിപ്രായം പറയേണ്ട ആളല്ല ഡി സി സി പ്രസിഡന്റെന്നും സിദ്ദീഖ് പറഞ്ഞു.
റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വടകര ചെരണ്ടത്തൂര്‍ എച്ച് എം ഇസ് സ്വാശ്രയ കോളജിലെ വിദ്യാര്‍ഥിനി അസ്‌നാസിന് നീതി ലഭ്യമാക്കാനുള്ള സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഹൈക്കോടതി വക്കീലുമായി പാര്‍ട്ടി ബന്ധപ്പെട്ടിട്ടുണ്ട്. നിയമസഹായം നല്‍കാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്.

കുറ്റപത്രം നല്‍കാന്‍ ഇത്രയും വൈകിയതും പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടിയതും പോലീസിനു സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇനി അതിന് അനുവദിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു.
കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പഠന കേന്ദ്രം ചെയര്‍മാന്‍ സി വി ബാലകൃഷ്ണന്‍, ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജന. സെക്രട്ടറി സിദ്ദീഖ് പുറായില്‍, ജില്ലാ ഭാരവാഹികളായ അന്‍വര്‍ സാദത്ത്, ഷമീര്‍ ഏറാമല, അശ്‌റഫ് വടകര, ബഷീര്‍ തുവാരിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.