പ്രവാസികളുടെ ശബ്ദങ്ങളുയര്‍ത്താന്‍ ലോക കേരള സഭ

Posted on: March 3, 2017 7:19 pm | Last updated: March 3, 2017 at 7:23 pm

ദോഹ: ജനായത്ത സഭകളില്‍ പ്രാതിനിധ്യമില്ലാത്ത പ്രവാസി മലയാളികളുടെ ശബ്ദം ഔദ്യോഗികമായി ഉയര്‍ത്താനുള്ള വേദി കൂടി ബജറ്റ് പ്രഖ്യാപനത്തില്‍ ഇടം പിടിച്ചത് പ്രവാസികളുടെ ശബ്ദം രാഷ്ട്രീയ, നിയമസഭാ മണ്ഡലത്തില്‍ ഉയര്‍ത്തപ്പെടാന്‍ അവസരമൊരുങ്ങും. വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും കേരള നിയമസഭാ അംഗങ്ങളും കൂടി ചേരന്നതാണ് ലോക കേരള സഭ. വര്‍ഷത്തിലൊരിക്കല്‍ സമ്മേളനം ചേര്‍ന്നാണ് ഈ സഭ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാറിനു മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
പ്രവാസികള്‍ക്കിടയില്‍ നിന്നും ജനസംഖ്യാടിസ്ഥാനത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങളായിരിക്കും ലോക സഭയിലെ അംഗങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടികള്‍ക്കനുസരിച്ചായിരിക്കും അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുക. ഈ ബജറ്റ് വര്‍ഷത്തില്‍ തന്നെ പദ്ധതി തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഇതോടൊപ്പം ആഗോള കേരള സാംസ്‌കാരിക സമ്മേളനം നടത്തുമെന്നും പ്രഖ്യാപനമുണ്ട്. രണ്ടിനും കൂടി ആറരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.